
തൃശൂർ: ജില്ലയിലെ മൊത്തം പോളിംഗ് ശതമാനം കുറഞ്ഞത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്നാണ് മൂന്നു മുന്നണികളുടെയും വിലയിരുത്തലെങ്കിലും പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ലെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം, 2020 ൽ കൊവിഡ് കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നത്തെ സാഹചര്യം കൊണ്ടാണ് പോളിംഗ് കൂടിയതെന്ന നിഗമനവുമുണ്ട്. കൊവിഡ് താണ്ഡവമാടിയിരുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടന്നതിനാൽ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന യുവാക്കൾ ഉൾപ്പെടെ കൂടുതൽ ആളുകൾ വർക്ക് ഫ്രം ഹോം ആയി നാട്ടിലുണ്ടായിരുന്നു. അത്തരത്തിൽ വോട്ട് ചെയ്ത പലരും ഇത്തവണ എത്തിയില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ക്രിസ്മസ് അവധിക്ക് രണ്ടാഴ്ച മുൻപ് തിരഞ്ഞെടുപ്പ് നടന്നതിനാൽ മറുനാട്ടിലുളളവർ എത്തിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചവരുടെ വിലയിരുത്തൽ. പലരുമായും ബന്ധപ്പെട്ടപ്പോൾ അവധിക്കു മാത്രമേ നാട്ടിലേക്കു വരികയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചതെന്നും പറയുന്നു. പ്രാദേശിക വിഷയങ്ങൾക്കപ്പുറം ശബരിമല സ്വർണക്കവർച്ചയും ഭരണവിരുദ്ധവികാരവും രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും എസ്.ഐ.ആറും ഉൾപ്പെടെ ഉയർത്തിക്കാട്ടി ഒരു മാസത്തോളം ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് ചില നേതാക്കൾ സൂചിപ്പിക്കുന്നത്.
ഇന്നലത്തെ പോളിംഗ്:
രാവിലെ 8.45 - 7.53%
9.00 - 9. 28%
10.00 - 18.09%
11.37 - 34.26 %
1.15 - 50.34%
4.09 - 66.66%
5.07 - 70.30%
5.37 - 71. 14 %
6.00 - 71. 31%
2020 ലെ പോളിംഗ്:
8.15 ന് - 6.97 %
8.30 - 8.21%
9.25 - 17.04 %
10.00 - 24.04%
11.18 - 35.19%
1.06 - 50.34%
3.40 - 66.11%
4.11 - 69.81%
4.35 - 71 %
5.08 - 72.95%
5.42 - 73.95%
സ്ത്രീകളും കന്നിവോട്ടർമാരും നിർണ്ണായകം
നഗരപ്രദേശങ്ങളിലായാലും ഗ്രാമങ്ങളിലായാലും സ്ത്രീകളും കന്നിവോട്ടർമാരുമാകും ഫലത്തിൽ നിർണ്ണായകമാകുക. ജില്ലയിലെ 27,36,817 വോട്ടർമാരിൽ 54,204 കന്നി വോട്ടർമാരാണ്. 14,59,670 പേർ സ്ത്രീകളാണ്. 12,77,120 പേർ മാത്രമാണ് പുരുഷന്മാർ. 27 ട്രാൻസ്ജെൻഡർ വ്യക്തികളുമുണ്ട്. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനേക്കാൾ വലിയ വർദ്ധനയുണ്ട്. 14,23,966 ആയിരുന്നു അന്ന് സ്ത്രീവോട്ടർമാർ. മൊത്തം 26,91,016 വോട്ടർമാരിൽ 12,66,921 പുരുഷന്മാരും 24 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുണ്ടായിരുന്നത്.
222 പേർ വോട്ട് ചെയ്തത്
3,100 അടി ഉയരത്തിൽ
ചാലക്കുടി: ജില്ലയിൽ ഏറ്റവും ഉയരത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് 222 വോട്ടർമാർ. മലക്കപ്പാറ ഗവ. യു.പി സ്കൂളിൽ ഒരുക്കിയ പോളിംഗ് സ്റ്റേഷനായിരുന്നു ജില്ലയിൽ എറ്റവും ഉയരത്തിലുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 3,100 അടി ഉയരമുണ്ട്. സംസ്ഥാന അതിർത്തി കൂടിയായ മലക്കപ്പാറയിലെ നടുപെരട്ട് വാർഡിൽ.
തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം സ്ഥിതി ചെയ്യുന്നത് 3,150 അടി ഉയരത്തിലും. ചാലക്കുടി നഗരത്തിന് സുമുദ്ര നിരപ്പിൽ നിന്ന് വെറും 30 അടി ഉയരം മാത്രമാണുള്ളതെന്ന് മനസിലാക്കുമ്പോഴാണ് മലക്കപ്പാറയുടെ യഥാർത്ഥ സ്ഥിതി തിരിച്ചറിയുന്നത്. തോട്ടം തൊഴിലാളികൾക്കായുള്ള നടുപെരട്ട് വാർഡിൽ ഇക്കുറി 266 വോട്ടർമാരുണ്ടായിരുന്നു. 83 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
'തദ്ദേശോത്സവം ' സമാധാനപരം
തൃശൂർ: എതാനും ചിലയിടങ്ങളിൽ ഉണ്ടായ ചെറിയ സംഘട്ടനങ്ങളൊഴിച്ചാൽ സമാധാനപരമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ജില്ല. പ്രശ്നബാധിത സ്ഥലങ്ങളിൽ സിറ്റി, റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സംവിധാനം ഒരുക്കിയിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെയും തൃശൂർ റൂറൽ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെയും നേതൃത്വത്തിലായിരുന്നു സുരക്ഷ. എരുമപ്പെട്ടി, തെക്കുംക്കര, മണലിത്തറ എന്നിവിടങ്ങളിലാണ് സി.പി.എം - കോൺഗ്രസ് സംഘട്ടനം ഉണ്ടായത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ജില്ലാതല കൺട്രോൾ റൂം പ്രവർത്തിച്ചു. കൺട്രോൾ റൂമിൽ നിന്നും ജില്ലാ കളക്ടർ തത്സമയം പോളിംഗ് ബൂത്തുകളിലേക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ 81 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. തൃശൂർ കോർപ്പറേഷനിലെ വിവിധ പോളിംഗ് ബൂത്തുകളിലും എരുമപ്പെട്ടി, മുള്ളൂർക്കര, ചേലക്കര പഞ്ചായത്തുകളിലുമുള്ള വിവിധ പോളിംഗ് ബൂത്തുകളിലും ജില്ലാ കളക്ടർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പ്രായം 111 : ചുറുചുറുക്കോടെ ജാനകി മുത്തശ്ശി
പുത്തൂർ : 111ാം വയസിലും സമ്മതി ദാനാവകാശം വിനിയോഗിച്ച് പുത്തൂരിലെ ജാനകി മുത്തശ്ശി. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് പുത്തൂർ വട്ടുകുളം വീട്ടിൽ ജാനകി. ചെറുകുന്ന് എൽ.പി സ്കൂളിലാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. മക്കളോടും ചെറുമക്കളോടുമൊപ്പം പോളിംഗ് ബൂത്തിലെത്തി. 1914ൽ ജനിച്ച മുത്തശ്ശി വോട്ടെടുപ്പ് തുടങ്ങിയ കാലം മുതൽ എല്ലാ തിരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചു.
വോട്ടിട്ട് നൂറ്റിയഞ്ചുകാരി ത്രേസ്യയും
കോടാലി : മറ്റത്തൂർ പഞ്ചായത്തിലെ തെക്കേ കോടാലി വാർഡിലെ വോട്ടറായ ത്രേസ്യ നൂറ്റിയഞ്ചാം വയസിലും പതിവ് മുടക്കിയില്ല.
വാസുപുരത്തുകാരൻ പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ ത്രേസ്യയുടെ നിർബന്ധത്തെ തുടർന്ന് വീട്ടുകാർ കാറിൽ കൊണ്ടുവന്ന് വീൽചെയറിൽ ഇരുത്തി ബൂത്തിലെത്തിക്കുകയായിരുന്നു. കോടാലി ഗവ. എൽ.പി സ്കൂളിലാണ് ത്രേസ്യ വോട്ട് ചെയ്തത്.
105 വയസായെങ്കിലും ജീവിത ശൈലി രോഗങ്ങളൊന്നും ത്രേസ്യയെ ബാധിച്ചിട്ടില്ല. പ്രായത്തിന്റെ അവശതകൾ മാത്രമാണ് ഉള്ളത്. മികച്ച നെൽക്കർഷകയായിരുന്ന ത്രേസ്യ 95 വയസ് വരെ നെൽക്കൃഷിയിൽ സജീവമായിരുന്നു. ഒരിക്കൽ കൂടി വോട്ട് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് ത്രേസ്യ മടങ്ങിയത്.
മണ്ണുത്തിയിൽ സ്ഥാനാർത്ഥികളുടെ തിക്കും തിരക്കും
തൃശൂർ: വെറ്ററിനറി കോളേജിലെ വിശാലമായ പോളിംഗ് ബൂത്തിൽ തിക്കും തിരക്കും, വോട്ടർമാരുടേതല്ല, സ്ഥാനാർത്ഥികളുടെ തിരക്കാണ്. തൃശൂർ കോർപറേഷനിലെ മണ്ണുത്തി ഡിവിഷനിലേക്ക് എട്ട് സ്ഥാനാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. ടി.എ.അനീസ് അഹമ്മദ്, യു.ഡി.എഫ് സ്ഥാനാർത്ഥി എം.യു.മുത്തു, ബി.ജെ.പി സ്ഥാനാർത്ഥി ഭാസ്കർ കെ.മാധവൻ എന്നിവരെ കൂടാതെ കെ.കെ.ഗോപാലകൃഷ്ണൻ, ജെൻസൺ ആലപ്പാട്ട്, എസ്.ടി.പരമശിവൻ, മെജോ മോസസ്, സുൽഫിക്കർ അലി എന്നിവരും മത്സര രംഗത്തുണ്ട്.
മത്സരത്തെക്കുറിച്ചുംവിജയത്തെക്കുറിച്ചും ചോദിച്ചാൽ എല്ലാവർക്കും തികഞ്ഞ വിജയപ്രതീക്ഷ..! എൽ.ഡി.എഫിനൊപ്പമായിരുന്നു കഴിഞ്ഞ തവണ മണ്ണുത്തി ഡിവിഷൻ. രേഷ്മ ഹേമജായിരുന്നു കൗൺസിലർ. ഡിവിഷൻ ജനറലായതോടെയാണ് തൊട്ടടുത്ത മുല്ലക്കരയിൽ കൗൺസിലറായിരുന്ന അനീസ് അഹമ്മദിനെ സി.പി.എം മണ്ണുത്തിയിൽ ഇറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |