
കുട്ടനാട്: അതിരാവിലെയും രാത്രി ഏറെ വൈകിയുമുള്ള ശക്തമായ വേലിയേറ്റം കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് ഭീഷണിയാകുന്നു. കായൽ മേഖലയിൽ ഉൾപ്പടെയുള്ള ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടമാണ് ഇതോടെ ഓരുവെള്ളത്തിലായത്. പുഞ്ചക്കൃഷി ഇറക്കിയിട്ട് ഇപ്പോൾ രണ്ടാഴ്ചയാകുന്നു. ഒന്നാംവളത്തിനുള്ള സമയമായി.
എന്നാൽ, ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ പാടശേഖരങ്ങളിൽ എപ്പോൾ വേണമെങ്കിലും മടവീഴുകയോ, വെള്ളം കവിഞ്ഞുകയറുകയോ ചെയ്യാം.
അതിനാൽ വളമിടണോ എന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. ഇനി ഏത് വിധേനയും ആയിരക്കണക്കിന് രൂപ കണ്ടെത്തി വളമിട്ടാൽ തന്നെ ഒരു നിശ്ചിത ദിവസം കഴിഞ്ഞാൽ വെള്ളം കയറ്റുകയും വേണം.
ശക്തമായ വേലിയേറ്റം തിരിച്ചടി
1.ഓരുവെള്ളം നിറഞ്ഞാൽ നെൽച്ചെടികളാകെ ഉരുകി പോകുകയോ, കൃഷി മൊത്തത്തിൽ നശിക്കുകയോ ചെയ്യും. പുഞ്ചക്കൃഷിയുടെ തുടക്കത്തിൽ
തന്നെ വേലിയേറ്റം ശക്തമായത് കർഷകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്
2.വേലിയേറ്റംകാരണം പുളിങ്കുന്ന് പോലെ പടിഞ്ഞാറോട്ട് കായലിനോട് തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങൾ വെള്ളത്തിലാകുന്നത് പതിവ് സംഭവമാണ്. മിക്ക വീടുകളുടെയും മുറ്റം വരെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയുണ്ട്
3.മങ്കൊമ്പ് പോലുള്ള പ്രദേശങ്ങളിൽ റോഡുകൾ പോലും വെള്ളത്തിലാകാറുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചാൽ തീരുന്ന ഒരു പ്രശ്നം എന്തിനാണ് അധികൃതർ ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |