
ആലപ്പുഴ : "നമ്മുടെ കാര്യം നോക്കിയാൽ പോരെ... അതുകൊണ്ട് വോട്ട് ചേർത്തില്ല" ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതിനെപ്പറ്റി ചോദിക്കുമ്പോൾ ഇതാണ് ജെൻ സി വിഭാഗത്തിൽപ്പെടുന്ന പലരുടെയും മറുപടി. 1997നും 2012നും മദ്ധ്യേ ജനിച്ചവരാണ് ജെൻ സി എന്ന് ലോകമാകെ അറിയപ്പെടുന്നത്. തിരഞ്ഞെടുപ്പിനോട് വലിയൊരു ശതമാനം ജെൻ സി വിഭാഗം മുഖം തിരിച്ചതാണ് ഇത്തവണ പോളിംഗ് ശതമാനം കുറയാൻ കാരണമെന്ന് യുവനേതാക്കൾ പറയുന്നു. 2020ൽ 77.35 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. 2015നേക്കാൾ 3.14 ശതമാനം കുറവായിരുന്നു ഇത്. 2015ൽ 80.49 ആയിരുന്നു പോളിംഗ്ശതമാനം. എന്നാൽ 2025ൽ എത്തിയപ്പോൾ 73.77 ശതമാനമായി കുത്തനെ ഇടിഞ്ഞു.
തങ്ങൾക്ക് ഉപകാരമില്ലാത്തതിനാൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലെന്ന് പറയുന്നവരാണ് ന്യൂജെന്നിൽ കൂടുതലും. വോട്ടേഴ്സ് ലിസ്റ്രിൽ പേര് ചേർത്ത് നാട്ടിലുണ്ടായിട്ടും വോട്ട് ചെയ്യാൻ വരാത്തവരും നിരവധി.
വോട്ട് ചെയ്യാൻ താത്പര്യമില്ലാത്തതിനാൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാത്തവരിൽ സ്ഥാനാർത്ഥിയുടെ മക്കളുമുണ്ട്. സ്വന്തം കാര്യംമാത്രം ചിന്തിക്കുന്നതും രാഷ്ട്രീയവും ജനാധിപത്യസംവിധാനങ്ങളും സമൂഹത്തിന്റെ വികസനത്തിനാണെന്ന് തിരിച്ചറിയാതെ പോകുന്നതുമാണ് വോട്ടിനോട് മുഖംതിരിക്കുന്നതിന് പിന്നിലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ കൃത്യമായി അറിയാവുന്നവരും ജെൻ സിയിലുണ്ട്. അത്തരത്തിലുള്ളവരിൽ ചിലർ സ്ഥാനാർത്ഥികളായും രംഗത്തെത്തി.
രാഷ്ട്രീയത്തോട് മുഖംതിരിച്ചവർ
1. മുമ്പ് വോട്ട് ചെയ്യാൻ അവധിയെടുത്ത് നാട്ടിലെത്തുന്നവർ ഉണ്ടായിരുന്നു. എന്നാൽ വോട്ട് ചെയ്തിട്ടെന്തിനെന്ന തോന്നലുള്ളവരാണ് പുതിയ തലമുറയിൽ ഇന്ന് കൂടുതലും
2. ഇവരിൽ രാഷ്ട്രീയബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഇവരെക്കൂടി പരിഗണിച്ച് വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കണം. അവർക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ രാഷ്ട്രീയത്തിൽ വരണം
3. പതിറ്റാണ്ടുകൾ തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ പലർക്കും പുതിയ തലമുറയുടെ ധാരണകളെപ്പറ്റിയോ ഇവർക്ക് വേണ്ടതയെന്നാണെന്നോ തിരിച്ചറിയാനാകുന്നില്ല
4. തങ്ങളുടെ പ്രദേശത്ത് കളിക്കളങ്ങളില്ലാത്തതിനാൽ വോട്ട് ചെയ്യാനില്ലെന്ന് ഒരുകൂട്ടം യുവാക്കൾ കുട്ടനാട്ടിൽ ഫ്ലക്സ് വച്ചതും മറ്റും ഇതിന്റെ ഉദാഹരണങ്ങളാണ്
രാഷ്ട്രീയപാർട്ടികൾ ഉൾപ്പാർട്ടി സംവരണം ഏർപ്പെടുത്തി യുവാക്കൾക്ക് പ്രാധാന്യം നൽകണം. തുടർച്ചയായി മത്സരിച്ചവർ ഇവർക്കായി മാറി നിൽക്കണം. രാഷ്ട്രീയത്തിൽ ഇവർക്ക് റോൾ നൽകണം.
ഡോ.എം.പി. പ്രവീൺ, ജില്ലാ പ്രസിഡന്റ്
യൂത്ത് കോൺഗ്രസ്
വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിട്ടും അവധിയെടുത്ത് വരാത്തവരുണ്ട്. പേര് ചേർക്കാത്തവരുണ്ട്. രാശ്ട്രീയത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കണം. ശരിയായ രാഷ്ട്രീയ ബോധം ഉണ്ടാക്കിയെടുക്കണം.
-ജെയിംസ് സാമുവൽ, ജില്ലാ പ്രസിഡന്റ്
ഡി.വൈ.എഫ്.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |