ചേർത്തല: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ചേർത്തലയിലെ കേന്ദ്രങ്ങളിൽ സജ്ജീകരണങ്ങളൊരുങ്ങി. നഗരസഭയിൽ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് സ്‌കൂൾ ഓഡിറ്റോറിയത്തിലും കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിൽ സെന്റ് മൈക്കിൾസ് കോളേജിലുമാണ് വോട്ടെണ്ണൽ.
സ്‌ട്രോംഗ് റൂമിൽ നിന്നും യന്ത്രങ്ങൾ വോട്ടെണ്ണുന്ന ടേബിളുകളിലേക്കെത്തിക്കുന്നതിനായി പ്രത്യേക ബാരിക്കേഡുകൾ കെട്ടി തിരിച്ചു. ഇവിടെ പൊലീസിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും. രണ്ടുകേന്ദ്രങ്ങളിലും മെറ്റൽ ഡിക്ടേറ്ററുകൾ ഇന്ന് സ്ഥാപിക്കും.സുരക്ഷയൊരുക്കാൻ പൊലീസ് നടപടികൾ തുടങ്ങിയതായി ചേർത്തല ഡിവൈ. എസ്.പി ടി.അനിൽകുമാർ പറഞ്ഞു. ഫലത്തെ തുടർന്നുണ്ടാകുന്ന പ്രകടനങ്ങളും ആഹ്ളാദ പ്രകടനങ്ങളും അതിരുകടക്കാതിരിക്കാൻ സഹകരണം തേടി എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധികളിലും പ്രധാന രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിനകത്തും നഗരത്തിലും പ്രധാനയിടങ്ങളിലും പൊലീസിനെ നിയോഗിക്കും.അക്രമം കാട്ടുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം.
സ്ഥാനാർത്ഥിക്കൊപ്പം കൗണ്ടിംഗ് ഏജന്റിനും ചീഫ് ഏജന്റിനും മാത്രമാണ് പ്രവേശന അനുമതി. ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകിയിരിക്കുന്നവർക്കും മാത്രമായിരിക്കും പ്രവേശനം. ബോയ്സ് സ്‌കൂളിൽ 50 ഉദ്യോഗസ്ഥരെയും സെന്റ് മൈക്കിൾസ് കോളേജിൽ 280 ഉദ്യോഗസ്ഥരെയുമാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ പരിശീലനം വ്യാഴാഴ്ച പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |