കൊല്ലം: സഹോദരീ പുത്രിമാരായ ജ്യോതിലക്ഷ്മിയുടെയും ശ്രുതിലക്ഷ്മിയുടെയും മൃതദേഹങ്ങൾ കുടുംബ വീട്ടുപുരയിടത്തിൽ അടുത്തടുത്തായി സംസ്കരിക്കും. കരവാളൂർ നീലമ്മാൾ പള്ളിവടക്കേതിലാണ് ചിതകളൊരുക്കുക. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ മൃതദേഹങ്ങൾ വിട്ടുനൽകിയെങ്കിലും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. രാവിലെ 9.30ന് ശ്രുതിലക്ഷ്മിയുടെ ഭൗതികദേഹം കരവാളൂർ എ.എം.എം എച്ച്.എസ്.എസിൽ പൊതുദർശനത്തിന് വയ്ക്കും. കൂട്ടുകാരും അദ്ധ്യാപകരും രക്ഷകർത്താക്കളുമടക്കം ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കും. പത്താം ക്ളാസ് വിദ്യാർത്ഥിനിയായ ശ്രുതിലക്ഷ്മി പഠനത്തിലും മിടുക്കിയാണ്. തുടർന്ന് നീലമ്മാൾ പള്ളിവടക്കേതിൽ വീട്ടിലേക്ക് കൊണ്ടുപോകും. തഴമേൽ ചൂരക്കുളത്തെ വാടകവീട്ടിൽ ജ്യോതിലക്ഷ്മിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 12ഓടെ നീലമ്മാൾ പള്ളിവടക്കേതിൽ വീട്ടിലേക്ക് കൊണ്ടുവരും. രണ്ട് ഭൗതികദേഹങ്ങളും ഒന്നിച്ചാണ് കർമ്മങ്ങൾ നടത്തുന്നത്. തുടർന്ന് അടുത്തടുത്തായി സംസ്കരിക്കും. സഹോദരിമാരുടെ പുത്രികളാണെങ്കിലും ജ്യോതിലക്ഷ്മിയും ശ്രുതിലക്ഷ്മിയും സഹോദരിമാരായി, അതിനേക്കാൾ കൂട്ടുകാരികളായിട്ടാണ് വളർന്നത്. എവിടെ പോയാലും ഇരുവരും ഒന്നിച്ചുണ്ടാകും. അവസാന യാത്രയും ഒരുമിച്ചാകുന്നത് ഉൾക്കൊള്ളാൻ പെടാപ്പാട് പെടുകയാണ് ബന്ധുക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |