പലോട്: മലയോര മേഖലകളിൽ വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർദ്ധിക്കുന്നു.നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിൽ 2013ൽ 11 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചത്. എന്നാൽ 2024ലെ മരണ നിരക്കിലെ കണക്ക് അതിന്റെ ഇരട്ടിയാണ്.ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്. പുലർച്ചെ തൊഴിലിനിറങ്ങുന്നവരാണ് കാട്ടുപോത്തിന്റെയും കാട്ടാനയുടെയും കാട്ടുപന്നിയുടെയും ക്രൂര ആക്രമണത്തിന് ഇരയാകുന്നത്. വന്യമൃഗങ്ങൾ പകലും രാത്രിയും പൊതുസ്ഥലങ്ങളിൽ സ്വരവിഹാരം നടത്തുകയാണ്.
കരടിയുടെ ആക്രമണവും വർദ്ധിക്കുന്നു
നേരത്തെ കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ മനുഷ്യജീവനും ഭീഷണിയാണ്. ഇവയെ തുരത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. പാലോട് റേഞ്ച് ഓഫീസിന് സമീപം കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. വിതുര,പെരിങ്ങമ്മല,നന്ദിയോട്,പങ്ങോട് പഞ്ചായത്തുകളിലാണ് ഏറ്റവുമധികം കാട്ടുമൃഗങ്ങളുടെ ശല്യമുള്ളത്.
കാട്ടുപന്നിയിൽ തുടങ്ങിയ വന്യജീവിശല്യം ഇപ്പോഴെത്തി നിൽക്കുന്നത് കരടിയുടെ ആക്രമണത്തിലാണ്. നെടുമങ്ങാട് താലൂക്കിലെ മലയോരഗ്രാമങ്ങളിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ എട്ടുപേരെയാണ് കരടി ആക്രമിച്ചത്.
കർഷകർ ദുരിതത്തിൽ
തൊഴിലെടുക്കാനും കൃഷി ഇറക്കാനാകാതെയും കഷ്ടനഷ്ടങ്ങളിൽപ്പെട്ട് ദുരിതത്തിലാണ് മലയോര മേഖലയിലെ കർഷകരും തൊഴിലാളികളും. ഇപ്പോൾ പുലർച്ചെ ടാപ്പിംഗ് തൊഴിലാളികൾ ജോലിക്ക് പോകുന്നില്ല. കാരണം റബ്ബർ തോട്ടം നിറയെ കാട്ടുപോത്തുകളും മ്ലാവുകളുമാണ്. ജോലിക്ക് പോകുന്ന പാതയിലാകട്ടെ കാട്ടുപന്നി ശല്യവും രൂക്ഷമായുണ്ട്. രാത്രിയിൽ കൃഷിയിടങ്ങൾ കാട്ടുപന്നി,ആന,മ്ലാവ്,കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. വിളകളെല്ലാം ഇവർ ചവിട്ടിമെതിക്കും. കൃഷിയിടത്തിലിറങ്ങുന്ന പന്നിയും ആനയും റബ്ബർ,വാഴ,മരിച്ചീനി,പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ.
വിദ്യാർത്ഥികളും ആശങ്കയിൽ
ഞാറനീലി,ഇലഞ്ചിയം,പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്‌കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററോളം നടന്ന് സ്‌കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയാകുന്നത്. കാലൻകാവ്,നാഗര,ഓട്ടുപാലം,പച്ച,വട്ടപ്പൻകാട്,കരിമ്പിൻകാല,സെന്റ് മേരീസ്,ഇടവം,പേരയം,ആനകുളം,ഇടിഞ്ഞാർ തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |