
കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും കലയെ ഉപയോഗിക്കുന്നത് ചെറുക്കാനുള്ള നിലമൊരുക്കാൻ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ കൊച്ചി ബിനാലെ ആറാംപതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലയെ ഉപയോഗിച്ച് കേരളത്തെ താറടിക്കാൻ നടക്കുന്ന സംഘടിത ശ്രമങ്ങൾക്ക് ദേശീയ അംഗീകാരം നൽകുന്നതാണ് വർത്തമാനകാല കാഴ്ച. കേരളത്തെ താറടിക്കുന്ന സിനിമകൾക്ക് അംഗീകാരം നൽകിയതിലൂടെ പുരസ്‌കാരങ്ങളുടെ പ്രാധാന്യംതന്നെ ചോദ്യം ചെയ്യപ്പെട്ടു. ബിനാലെയിലൂടെ അന്താരാഷ്ട്രതലത്തിലുള്ള പരിപാടികൾ നടത്താനുള്ള സംസ്ഥാനത്തിന്റെ കഴിവാണ് പ്രകടമാകുന്നത്. ബിനാലെയ്ക്ക് സർക്കാർ 7.5 കോടി രൂപ അനുവദിച്ചത് കഴിവിനുള്ള അംഗീകാരമാണ്. ബിനാലെ തുറന്ന കവാടമാണ്. ലോകത്തിലെ ഏത് സംസ്‌കാരത്തിനും കലയ്ക്കും ഇതിലൂടെ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഇതുവഴി ലോകമാകെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. വി. വേണു സ്വാഗതവും സി.ഇ.ഒ തോമസ് വർഗീസ് നന്ദിയും പറഞ്ഞു. ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, കെ.ജെ.മാക്‌സി, മേയർ എം.അനിൽകുമാർ, സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, മുൻമന്ത്രി കെ.വി. തോമസ്, അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടർ ശിഖാ സുരേന്ദ്രൻ, കെ.എം.ബി രക്ഷാധികാരി എം.എ.യൂസഫലി, ട്രസ്റ്റ് അംഗങ്ങളായ അദീബ് അഹമ്മദ്, മറിയം റാം, അമൃത ഝവേരി, ഷബാന ഫൈസൽ, ബോണി തോമസ്, ടോണി ജോസഫ്, എൻ.എസ്.മാധവൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്നുമുതൽ ബിനാലെ പ്രദർശനങ്ങൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |