തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിനം തന്നെ തിയേറ്ററുകൾ ഹൗസ് ഫുൾ! ടാഗോർ തിയേറ്ററിൽ പാസ് വിതരണം ചെയ്യുന്ന എല്ലാ കൗണ്ടറുകളിലും രാവിലെ മുതൽ നീണ്ട ക്യൂ. പാസ് കിട്ടിയവരെല്ലാം തിയേറ്ററുകളിലേക്ക് പാഞ്ഞു.
രാവിലെ 9.30ന് ലോക സിനിമാ വിഭാഗത്തിൽ സ്‌പെയിനിൽ നിന്നുള്ള 'ബീഫ്' എന്ന ചിത്രത്തോടെയാണു പ്രദർശനം തുടങ്ങിയത്. രണ്ടാമത്തെ ഷോ ആയപ്പോഴേക്കും കൈരളി,കലാഭവൻ തിയേറ്ററുകളുടെ പുറത്തേക്കും ക്യൂ നീണ്ടു.
ഡെലിഗേറ്റുകൾ കാത്തിരുന്ന 'ദ് ബ്ലൂ ട്രെയ്ൽ' എന്ന ചിത്രം കാണാനായിരുന്നു കൂടുതൽ തിരക്ക്. ചൈനയിൽ നിന്നുള്ള 'ദി സൺ റെസസ് ഓൺ അസ് ഓൾ','ദി വെർജിൻ ഓഫ് ദ് ക്വാറി ലേക്7 എന്നീ ചിത്രങ്ങൾക്കും ഡെലിഗേറ്റുകൾ ഇടിച്ചുകയറി.
മമ്മൂട്ടിയും മോഹൻലാലും ഇഷ്ടതാരങ്ങൾ
തനിക്ക് മലയാളം സിനിമാ താരങ്ങളെ ഇഷ്ടമാണെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമേൻ. മമ്മൂട്ടിയേയും മോഹൻലാലിനേയും ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ സദസ് കരഘോഷം മുഴക്കി. ഫഹദ് ഫാസിലിന്റെ അഭിനയം ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീൻ അംബാസഡർ അബ്ദുള്ള എം.അബു ഷവേഷിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴും സദസ് വൻ കരഘോഷം മുഴക്കി. എണീറ്റ് സദസിനെ നോക്കി മുഷ്ടി ചുരുട്ടി കൈ ഉയർത്തിക്കാണിച്ച് പാലസ്തീനുള്ള ഐക്യദാർഢ്യത്തിന് നന്ദി പറഞ്ഞാണ് അദ്ദേഹം വേദിയിലേക്ക് നടന്നത്. ഉദ്ഘാടന പ്രസംഗത്തിൽ പൊരുതുന്ന പാലസ്തീനൊപ്പമാണ് മേളയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞപ്പോഴും അദ്ദേഹം നന്ദി പ്രകടിപ്പിച്ച് എണീറ്റുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |