
ബേപ്പൂർ: ദിനംപ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന 49ാം ഡിവിഷനിൽപ്പെടുന്ന ഗോതീശ്വരം വിനോദസഞ്ചാര കേന്ദ്രത്തിൽ ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിനോദ സഞ്ചാരികൾ വലയുകയാണ്. മൂത്രമൊഴിക്കണമെങ്കിൽ അയൽ വീടുകളോ പരിസരത്തെ സ്വകാര്യ റിസോർട്ടിനേയോ ആശ്രയിക്കേണ്ട ഗതികേടിലാണ് സഞ്ചാരികൾ. ശുചിമുറി സൗകര്യം തേടി എത്തുന്നത് പതിവായതോടെ അയൽ വീടുകളിലുള്ളവരും പ്രതിഷേധിച്ച് തുടങ്ങിയ സ്ഥിതിയാണ്. വയോജനങ്ങൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കും ആവശ്യമായ ഒരു സൗകര്യവും കേന്ദ്രത്തിൽ ഒരുക്കിയിട്ടില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ചില തട്ടുകടകൾ പ്രവർത്തിക്കുന്നത്. ജന്മദിനം, വിവാഹ വാർഷികങ്ങൾ, സംഘടനാ യോഗങ്ങൾ എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ വിനോദ സഞ്ചാര കേന്ദ്രത്തിൽ വെച്ച് നടക്കുന്നത് പതിവായതിനാൽ ശുചിമുറി സൗകര്യം ഉടൻ തന്നെ ഒരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരും ഡ്യൂട്ടിയിലുള്ള പൊലീസും ശുചിമുറിയിലാത്തതിനാൽ ബുദ്ധിമുട്ടുന്നുണ്ട്.
'ഗോതീശ്വരം ബീച്ചിൽ ശൗചാലയമില്ലാതെ സഞ്ചാരികൾ വലയുന്നത് പതിവ് കാഴ്ചയാണ്. ആയതിനാൽ ഉടൻ തന്നെ നിയുക്ത കൗൺസിലർ മുൻകൈയെടുത്ത് ശൗചാലയം സ്ഥാപിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തണം'
പീതാംബരൻ പയ്യേരി
പൊതു പ്രവർത്തകൻ
'അടിയന്തര വിഷയമായി കണ്ട് ഉടൻ പരിഹരിക്കേണ്ട ഒന്നാണ് ഗോതീശ്വരം വിനോദ സഞ്ചാര കേന്ദ്രത്തിലെ മൂത്രപ്പുര സംവിധാനം. അതിനുവേണ്ട നടപടികൾ എടുക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു'
സഹിൽ .ഇ
പൊതു പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |