
കോഴിക്കോട്: തൃശൂരിലെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ 535 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുണ്ട്. എന്നാൽ, നിലവിൽ പാർപ്പിച്ചിരിക്കുന്നത് 220 പേരെ മാത്രം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. ആകെയുള്ളത് 69 പേർ. ജില്ലാ ജയിലുകളിലെ ജീവനക്കാരെക്കാൾ കുറവ്. സുരക്ഷാ ജയിലിലെ സുരക്ഷയുടെ അപര്യാപ്തതയിലേക്കു കൂടിയാണിത് വിരൽചൂണ്ടുന്നത്.
തീവ്രവാദ, രാജ്യദ്രോഹ കുറ്റങ്ങൾ ഉൾപ്പെടെയുള്ളവ ചെയ്ത തടവുകാരെ പാർപ്പിക്കാനാണ് 2019ൽ അതീവ സുരക്ഷാ ജയിൽ തുടങ്ങിയത്. സംസ്ഥാനത്തെ ഏക അതീവ സുരക്ഷാ ജയിലാണിത്. തടവുകാർക്ക് പരസ്പരം കാണാനാകാത്ത വിധമാണ് സെല്ലുകൾ. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന് ജയിൽ ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ മറ്ര് സെൻട്രൽ ജയിലുകളിൽ തടവുകാർ തിങ്ങി ഞെരുങ്ങി കഴിയുമ്പോഴാണ് സുരക്ഷാ ജയിലിൽ കപ്പാസിറ്റിയെക്കാൾ കുറവ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിലുള്ള കൊടുംകുറ്റവാളികളിൽ കുറേപ്പേരെയെങ്കിലും ഇവിടേക്ക് മാറ്രാവുന്നതാണ്. എന്നാൽ, ഇതിന് അധികമായി 511 ജീവനക്കാർ വേണ്ടിവരും.
നിറഞ്ഞ് പൂജപ്പുര ജയിൽ
പൂജപ്പുര സെൻട്രൽ ജയിലിൽ 727 തടവുകാരെ പാർപ്പിക്കാവുന്നിടത്ത് ഇപ്പോഴുള്ളത് 1,600 പേർ. ഇത്രയും പേരെ നോക്കാൻ 800 ജീവനക്കാരെങ്കിലും വേണം. നിലവിലുള്ളത് 271പേർ. ജയിൽ ഡ്യൂട്ടിക്ക് പുറമേ ജീവനക്കാർക്ക് വിവിധ വ്യവസായ യൂണിറ്റുകളുടെ നടത്തിപ്പ്, എസ്കോർട്ട്, ക്യാന്റീൻ, ഓഫീസ് ജോലികളുമുണ്ട്.
സെൻട്രൽ ജയിലുകളിൽ ജീവനക്കാർ
(പൂജപ്പുര, വിയ്യൂർ, കണ്ണൂർ, തവനൂർ)
നിലവിലുള്ളത്...........821
അധികം വേണ്ടത്.....1,996
അതീവ സുരക്ഷാ ജയിൽ
ഭൂവിസ്തൃതി........................ 9 ഏക്കർ
സെല്ലുകളുടെ എണ്ണം..... 195
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |