
ലക്‌നൗ: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഉപേക്ഷിച്ചു. ലക്‌നൗ എകാന സ്റ്റേഡിയത്തില്‍ കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെടുകയും ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നത്. നാലാം മത്സരം ഉപേക്ഷിച്ചതോടെ പരമ്പര ഇന്ത്യക്ക് നഷ്ടമാകില്ലെന്ന് ഉറപ്പായി. വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ തോറ്റാലും 2-2ന് സമനിലയില്‍ അവസാനിക്കും. എന്നാല്‍ അഹമ്മദാബാദിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമം.
അതേസമയം, മത്സരം ഉപേക്ഷിച്ചത് മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയായി. പരിക്കേറ്റത് കാരണം ശുബ്മാന്‍ ഗില്‍ ലക്‌നൗവില്‍ കളിക്കില്ലെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പകരം സഞ്ജു അഭിഷേക് ശര്‍മ്മയ്ക്ക് ഒപ്പം ഓപ്പണറായി എത്താനായിരുന്നു സാദ്ധ്യത. മത്സരം ഉപേക്ഷിച്ചതോടെ മലയാളി താരത്തിന് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാനുള്ള അവസരമാണ് നഷ്ടമായത്. തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജുവിനെ ഒഴിവാക്കി റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഗില്ലിന് തുടര്‍ പരാജയങ്ങള്‍ പോലും വകവയ്ക്കാതെ അവസരം നല്‍കുന്നതില്‍ കടുത്ത അമര്‍ഷമാണ് ആരാധകര്‍ക്കുള്ളത്.
മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരും കോച്ച് ഗൗതം ഗംഭീറിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ട്വന്റി 20 ബാറ്റിംഗിന് ഒട്ടും ചേര്‍ന്ന ശൈലിയില്ലാത്ത ഗില്ലിനെ ഉള്‍പ്പെടുത്താനായി മിന്നും ഫോമും മൂന്ന് സെഞ്ച്വറിയുമുള്ള സഞ്ജുവിനെ ഒഴിവാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മുന്‍ താരങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |