
കാസർകോട്: കാസർകോട് നഗര മദ്ധ്യത്തിൽ നിന്ന് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഘം കർണ്ണാടകയിലെ സകലേഷ് പുരയിൽ ഇന്നലെ സന്ധ്യയോടെ പിടിയിലായി. ജില്ലാ പൊലീസ് മേധാവി വൈ.ബി വിജയ് ഭരത് റെഡി കർണ്ണാടക, ഹൈദരാബാദ് പൊലീസുമായി ഇടപെട്ട് നടത്തിയ മിന്നൽ നീക്കമാണ് സംഘത്തെ കുടുക്കിയത്.
യുവാവിനെയും തട്ടികൊണ്ടുപോയ സംഘത്തെയും രാത്രി വൈകി കാസർകോട്ടെത്തിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘം കറന്തക്കാട് ദേശീയപാതക്ക് സമീപമുള്ള ഉഡുപ്പി ഹോട്ടലിന് മുന്നിൽ വെച്ചാണ് യുവാവിനെ കയറ്റിക്കൊണ്ടുപോയത്. എ പി 40 എ യു 4077 നമ്പർ കാറിൽ എത്തിയ സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഹോട്ടലിന്റെ സെക്യൂരിറ്റി ജീവനക്കാരും ഏതാനും നാട്ടുകാരുമാണ് സംഭവത്തിന് ദൃക്‌സാക്ഷികൾ. സെക്യൂരിറ്റി ജീവനക്കാർ പൊലീസിന് നൽകിയ മൊഴിയാണ് സംഘത്തെ കണ്ടെത്താൻ പൊലീസിന് സഹായകമായത്.
ജീവനക്കാർ ആണ് യുവാവിനെ ബലം പ്രയോഗിച്ചു കാറിൽ കയറ്റിക്കൊണ്ടുപോയ വിവരം പൊലീസിനെ അറിയിച്ചത്. മാസ്ക്ക് ധരിച്ച സംഘം യുവാവിനെ കാറിൽ ബലമായി കയറ്റുകയായിരുന്നു. സി സി ടി.വിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചു കാർ ഉച്ചക്ക് 12.30 മണിക്ക് തലപ്പാടി ടോൾ ബൂത്ത് കടന്നതായി വിവരം ലഭിച്ചു. ജില്ലാ പൊലീസ് മേധാവി രണ്ടു സംസ്ഥാനങ്ങളിലെയും പൊലീസ് സേനയുമായി ബന്ധപ്പെട്ട് നടത്തിയ ഏകോപനമാണ് സംഘത്തെ സമർത്ഥമായി കുടുക്കാൻ സാധിച്ചത്. പണമിടപാട് തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. എന്നാൽ ആരും പരാതി നല്കിയിട്ടില്ലാത്തതിനാൽ യുവാവിൽ നിന്നും സംഘത്തിൽ നിന്നും മൊഴിയെടുത്തതിന് ശേഷം തുടർനടപടിയെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |