
കാസർകോട്: ആദിവാസി സമൂഹത്തിനിടയിൽ പ്രചാരത്തിലുള്ള മംഗലംകളിയും മലപ്പുലയ ആട്ടവും പളിയ നൃത്തവും ഇരുള നൃത്തവും കലോത്സവത്തിൽ തനിമയൊട്ടും ചോരാതെയാണ് അവതരിപ്പിക്കപ്പെട്ടത്. അനുഷ്ഠാനം പോലെ ഈ കലകളെ കൊണ്ടുനടക്കുന്ന സമൂഹത്തിൽ നിന്നുള്ള കുട്ടികൾ തന്നെ പങ്കെടുത്തതാണ് ഇവയുടെ തനിമയ്ക്ക് പിന്നിൽ.
ഹയർ സെക്കൻഡറി വിഭാഗം മംഗലം കളിയിൽ ഒന്നാംസ്ഥാനം നേടിയ മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ടീമിൽ ഗോത്രവിഭാഗത്തിലെ കുട്ടികൾ തന്നെയാണ് അണിനിരന്നത്. മംഗലംകളിയിൽ ഏറെ പ്രാവീണ്യമുള്ള വിദ്യാർത്ഥിയായ യദു ബാലൻ ഒരെ സമയം പരീശീലകനും മത്സരാർത്ഥിയുമായതും ഈ ടീമിനെ തുണച്ചു. ഗോകുൽദാസ്, സൗരവ്, സ്നേഹ, രസിക, എം.അർച്ചന. പി.അൻവിത,അഞ്ചു മോൾ, സാധിക, രേവതി, വിനയ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ.
ഇടുക്കിയിലെ ആദിവാസിവിഭാഗമായ മലപ്പുലയ വിഭാഗത്തിൽപ്പെട്ടവരുടെ ഗോത്രകലയായ മലപ്പുലയാട്ടവും ആസ്വാദകർക്ക് അനുഭവമായി. മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായുള്ള ഈ നൃത്തരൂപം ചിക്കു, തുടി , കിടിമുട്ടി, കുഴൽ, കട്ട തുടങ്ങിയ വാദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. പരമ്പരാഗതവേഷത്തിൽ ആൺകുട്ടികളും പെൺകുട്ടികളും അണിനിരന്നാണ് ഇതിന്റെ അവതരണം.
മലപ്പുലയ ആട്ടം ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചട്ടഞ്ചാലിനായിരുന്നു ഒന്നാം സ്ഥാനം . ജസിത രാജ്, പി. മനീഷ, കെ.ശിശിര, ആർ.ജാൻസി, ശ്രീനന്ദ, എം.അതുല്യ, പി.സയന, പി.ശ്രീരാഗ്, അമീഷ കൃഷ്ണൻ, കെ.ആർ.അനഘ, ടി.റനിത്ത് എന്നിവർ വേദിയിൽ നൃത്തമാടി. ഹൈസ്‌കൂൾ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയ്കായിരുന്നു ഒന്നാം സ്ഥാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |