
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുനർനിർമ്മാണം ആരംഭിച്ചതോടെ നട്ടംതിരിഞ്ഞ് യാത്രക്കാർ. സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന ബസ് സർവീസുകൾ വടക്കെ സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ്, ഗോൾഡൻ ഫ്‌ളീ മാർക്കറ്റിന് സമീപമുള്ള എക്‌സിബിഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലേക്ക് മാറ്റിയതോടെയാണ് യാത്രക്കാർ ആശയക്കുഴപ്പത്തിലായത്.
എറണാകുളം, പാല, തൊടുപുഴ, കായംകുളം, പത്തനംതിട്ട തുടങ്ങിയ തെക്കൻ ഡിപ്പോകളിൽ നിന്നും ആരംഭിച്ച് തൃശൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ വടക്കെ സ്റ്റാൻഡിലാണ് എത്തുന്നത്. ഈ ബസുകൾ തിരികെ സർവീസ് ആരംഭിക്കുന്നതും ഇവിടെ നിന്നായതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ യാത്രക്കാർക്ക് സൗകര്യം ലഭിക്കുന്നില്ല.
ഇതേസമയം, തിരുവനന്തപുരത്ത് നിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കാണ് എത്തുന്നതും തിരികെ പോകുന്നതും. ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ബസ് സർവീസുകളുടെ ക്രമീകരണമെന്നാണ് യാത്രക്കാരുടെ പരാതി.
എവിടെ കിട്ടും പാലക്കാട് ബസ്
പാലക്കാട്ടേക്കുള്ള ബസ് സർവീസിന്റെ സ്ഥലം ഒരു മാസത്തിനിടെ മാറ്റിയത് മൂന്ന് തവണ. സ്റ്റാൻഡ് പൊളിക്കുന്നതിന്റെ തുടക്കത്തിൽ ഗോൾഡൻ ഫ്‌ളീ മാർക്കറ്റിന് സമീപം നിന്നാണ് സർവീസ് നടത്തിയത്. പിന്നീടത് വടക്കെ സ്റ്റാൻഡിലേക്ക് മാറ്റിയെങ്കിലും ഇപ്പോൾ ശക്തൻ സ്റ്റാൻഡിൽ നിന്നാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും വീണ്ടും പാലക്കാട് സർവീസ് ആരംഭിക്കാനും നീക്കമുണ്ടത്രെ.
നിർമ്മാണം വൈകും
പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകളും മറ്റും ഒഴിഞ്ഞാൽ 45 ദിവസത്തിനകം പൊളിച്ചു നീക്കാമെന്നാണ് കരാറുകാരുടെ വാഗ്ദാനം. കെട്ടിടം പൂർണമായി ഒഴിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പൊളിക്കൽ എവിടെയും എത്തിയില്ലെന്നാണ് പരാതി. പൊളിക്കൽ പൂർത്തിയായാലും പുതിയ സ്റ്റാൻഡ് സമുച്ചയത്തിന്റെ നിർമ്മാണത്തിന് രണ്ടുവർഷത്തോളം വേണ്ടിവരും.
തൃശൂരിൽ പ്രവർത്തിച്ചിരുന്ന ഫിറ്റ്‌നസ്, വിജിലൻസ് വിഭാഗങ്ങളെ ചാലക്കുടിയിലേക്കും ടിക്കറ്റും പണവും വിഭാഗത്തെ തൃശൂരിലെ ഗാരേജിന് സമീപത്തേക്കുമാണ് മാറ്റിയത്. ജീവനക്കാരുടെ വിശ്രമകേന്ദ്രം ശക്തൻ സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പെട്രോൾ പമ്പിലും വരുമാനമിടിവ്
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻപിലെ റോഡ് നിർമ്മാണത്തിനായി പൊളിച്ചതിനെ തുടർന്ന് പെട്രോൾ പമ്പിൽ ഓരോ മാസവും വരുമാനക്കുറവ് ഏകദേശം 1.8 കോടി രൂപ. കഴിഞ്ഞ മൂന്ന് മാസമായി ഈ നഷ്ടം സഹിച്ചുവരികയാണ് തൃശൂർ കെ.എസ്.ആർ.ടി.സി. ജനുവരി ആദ്യവാരം റോഡ് തുറന്നുകൊടുക്കുമെന്ന് മേയർ നിജി ജസ്റ്റിൻ ഇന്നലെ അറിയിച്ചത് അൽപ്പം ആശ്വാസം പകരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |