തൃശൂർ: വരുന്ന 50 വർഷം മുന്നിൽ കണ്ടുള്ള വികസനമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ. തൃശൂർ @2075 വിഷൻ എന്ന പേരിൽ വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി തൃശൂർ ഡെവലപ്‌മെന്റ് കോൺക്ലേവ് സംഘടിപ്പിക്കും. കോൺക്ലേവിന്റെ തിയതിയും മറ്റു കാര്യങ്ങളും പിന്നീട് അറിയിക്കും. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേയർ. പുതിയ കോർപറഷേൻ ഭരണസമിതി യോഗം ചേർന്ന് നൂറുദിന കർമ്മപരിപാടികൾക്ക് രൂപം നൽകുമെന്നും മേയർ പറഞ്ഞു.
ധവളപത്രം പുറത്തിറക്കും
കോർപറേഷന്റെ നിലവിലെ സാമ്പത്തികസ്ഥിതി വ്യക്തമാക്കി ധവളപത്രം പുറത്തിറക്കും. ജനങ്ങളുടെ വിശ്വാസം, പ്രതീക്ഷ എന്നിവ ഉൾക്കൊണ്ടുള്ള ഭരണം കാഴ്ചവയ്ക്കും. പൂരം മനോഹരമായി സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കും.
ഉദ്യോഗസ്ഥ സ്‌ക്വാഡ്
റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗം പൂർത്തിയാക്കാൻ കൗൺസിലർമാരെയും റസിഡൻസ് അസോസിയേഷനുകളെയും ഉൾപ്പെടുത്തി ഉദ്യോഗസ്ഥ സ്‌ക്വാഡ് രൂപീകരിക്കും. അവർ ദൈന്യംദിന പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥലം സന്ദർശിക്കും.
പരാതി പരിഹാര അദാലത്ത്
ജനങ്ങളുടെ പരാതി കേൾക്കാനും പരിഹരിക്കാനും അദാലത്ത് സംഘടിപ്പിക്കും. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഉണ്ടാക്കും. എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. ഭക്ഷ്യസുരക്ഷ മുന്നിൽക്കണ്ട് നിലവിലുള്ള ഹോട്ടലുകൾക്ക് നിയമാനുസൃതമായി ഗ്രേഡിംഗ് സംവിധാനം കൊണ്ടുവരും.
പിങ്ക് വാഷ് റൂമുകൾ
സ്ത്രീകൾക്കായി നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിൽ പിങ്ക് വാഷ് റൂമുകൾ സ്ഥാപിക്കും. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തും. സ്ത്രീകൾക്കും മറ്റു പൊതുജനങ്ങൾക്കുമായി ഓപ്പൺ ജിം സൗകര്യങ്ങൾ ഒരുക്കും.
എം.ജി റോഡ് വികസനം
എം.ജി റോഡ് ഫാസ്റ്റ് ട്രാക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി മോഡൽ റോഡ് വികസനം നടത്താനാണ് ആഗ്രഹിക്കുന്നത്. കെ.എസ്.ആർ.ടി.സിക്കു മുമ്പിലെ റോഡ് ടൈൽ വർക്കുകൾ പൂർത്തിയാക്കി ജനുവരി ആറോടു കൂടി തുറന്നുകൊടുക്കും. അരണാട്ടുകര ടാഗോർ സെന്റിനറി ഹാൾ നവീകരണം പൂർത്തീകരിച്ച് ഉടൻ തുറന്നുകൊടുക്കും. പ്രധാനപ്പെട്ട ജംഗ്ഷനുകളിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ യെല്ലോ ബോക്‌സ് ജംഗ്ഷൻ എന്ന നൂതന ആശയം നടപ്പാക്കും.
മേയർ റിലീഫ് ഫണ്ട്
മേയർ പങ്കെടുക്കുന്ന പരിപാടികളിൽ പൂച്ചെണ്ട് മൊമന്റോ തുടങ്ങിയവ ആഗ്രഹിക്കുന്നില്ല. ഇതിനായി ചെലവാക്കുന്ന തുക ഡയാലിസിസ്, കീമോ തെറാപ്പി രോഗികൾക്കായി മേയർ റിലീഫ് ഫണ്ടിലേക്ക് സംഭാവനയായി സ്വീകരിക്കും. ഇതിന്റെ അക്കൗണ്ട് നമ്പർ പൊതുജനങ്ങൾക്ക് നൽകും.
അധികനികുതി തിരിച്ചുനൽകും
യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞതുപോലെ മുൻ ഭരണസമിതി പിരിച്ചെടുത്ത അധികനികുതി ജനങ്ങൾക്ക് തിരിച്ചു നൽകുന്നതിന് നടപടിയെടുക്കം. ആവശ്യം കൗൺസിൽ അംഗീകാരത്തോടെ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.
സാമ്പത്തിക സ്ഥിതി സുഖകരമല്ല: ഡെപ്യുട്ടി മേയർ
കോർപറേഷന്റെ സാമ്പത്തികസ്ഥിതി സുഖകരമായ അവസ്ഥയിലല്ലെന്ന് ഡെപ്യുട്ടി മേയർ എ.പ്രസാദ്. നാളെ മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കും. ഉദ്യോഗസ്ഥർ നൽകിയ കണക്കനുസരിച്ച് 25 കോടിയോളമാണ് കോർപറേഷന്റെ ബാങ്ക് ബാലൻസെന്നാണ് മനസിലാക്കുന്നത്. സ്ഥിരംസമിതി തിരഞ്ഞെടുപ്പിന് ശേഷം കോർപറേഷന്റെ കൗൺസിൽ യോഗം വിളിച്ചശേഷം 56 കൗൺസിൽ അംഗങ്ങളെയും കേട്ടുകൊണ്ട് തൃശൂർ @2075 പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |