
കൊച്ചി: സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ഫോർട്ടുകൊച്ചിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിലെ ഗ്രൗണ്ടിൽ കൂറ്റൻ മഴമരത്തിൽ ലൈറ്റുകൾ തെളിഞ്ഞതോടെ ഈ മാസം 12ന് ആരംഭിച്ച കാർണിവൽ ആഘോഷങ്ങൾ ഉച്ചസ്ഥായിലായിരുന്നു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടാണ് പ്രധാന വേദി. ഇക്കുറി രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളാണ് ഒരുക്കുന്നത്. ഗാലാ ഡി ഫോർട്ട്കൊച്ചി എന്ന സംഘടനയുടെ 55 അടി ഉയരത്തിലുള്ള ഇറ്റാലിയൻ മോഡൽ പപ്പാഞ്ഞിയാണ് വെളി മൈതാനത്ത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി പാപ്പാഞ്ഞി പരേഡ് മൈതാനത്തും. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നൂറോളം പപ്പാഞ്ഞികൾ വേറെ. ഇവയെല്ലാം 1ന് അർദ്ധരാത്രി തീയിടും.
സുരക്ഷ വർദ്ധിപ്പിച്ചു
വലിയ സുരക്ഷാ- ഗതാഗത ക്രമീകരണങ്ങളാണ് ഫോർട്ട് കൊച്ചിയിലും നഗരത്തിലെമ്പാടും. ജില്ലയിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് പരിശോധന മുൻകാല കുറ്റവാളികളെ നിരീക്ഷണം, പൊലീസ്, റെയിൽവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ് കോസ്റ്റ്ഗാർഡ് മുതലായയുടെ സംയുക്ത പരിശോധന എന്നിവയുമുണ്ട്.
ഇന്റലിജൻസ് മുന്നറിയിപ്പ്
പുതുവത്സരാഘോഷ വേളയിൽ ഇത്തവണ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പുണ്ട്. പോയ വർഷത്തേക്കാൾ കൂടുതൽ ആളുകളെത്തുമെന്ന സൂചനയേത്തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ ഫോർട്ട് കൊച്ചിയിൽ വിന്യസിച്ച് തുടങ്ങി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഫോർട്ട് കൊച്ചിയിലെത്തി സുരക്ഷ വിലയിരുത്തി. ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലുമായി ബന്ധപ്പെട്ട റീലുകളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്.
കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരമ്പരാഗതമായി പപ്പാഞ്ഞിയെ കത്തിക്കുന്നത് പരേഡ് ഗ്രൗണ്ടിലാണ്. കഴിഞ്ഞ കൊല്ലം മുതൽ വെളി ഗ്രൗണ്ടിലും പപ്പാഞ്ഞിയെ കത്തിക്കുന്നുണ്ട്. കൂടുതൽ പേർക്ക് തങ്ങാനുള്ള സൗകര്യം വെളിയിലാണ്.
എറണാകുളം നഗരത്തിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള പ്രവേശനവും പുറത്തുപോകലും വൺവേ സംവിധാനത്തിലൂടെ കർശനമായി നിയന്ത്രിക്കും
മെട്രോ- വാട്ടർമെട്രോ പ്രത്യേക സർവീസ്
കൂടുതൽ കൊച്ചി മെട്രോ, വാട്ടർ മെട്രോകളും സജ്ജമാക്കി. 26 മുതൽ ജനുവരി മൂന്ന് വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 മണി വരെയാക്കി. പുതുവത്സരരാവിൽ പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ്. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30ന്. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ട് വരെ. 31ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12മുതൽ നാലു മണിവരെ. വൈപ്പിൻ ഭാഗത്തു നിന്ന് റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ.
കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണം
വി.കെ. മിനിമോൾ
കൊച്ചി മേയർ
ജില്ലയിലെമ്പാടും ഭരണകൂടം പൂർണ സജ്ജം
ജി. പ്രിയങ്ക
ജില്ലാ കളക്ടർ
പൊലീസ് വിട്ടുവീഴ്ചകൾ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്
പുട്ട വിമലാദിത്യ
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
സുരക്ഷയ്ക്ക്
28 ഇൻസ്‌പെക്ടർമാർ
13 ഡി.വൈ.എസ്.പി റാങ്ക് ഉദ്യോഗസ്ഥർ
1,200 പൊലീസ് സേനാംഗങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |