
വർക്കല: ലോകസമാധാനത്തിനുള്ള ഏക പോംവഴി ഏകാത്മകതാബോധമാണെന്ന് നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ്. 75-ാമത് നാരായണ ഗുരുകുല കൺവെൻഷന് സമാപനം കുറിച്ച് നടന്ന ഗുരുകുല സമ്മേളനത്തിൽ നവവത്സര സന്ദേശം നൽകുകയായിരുന്നു. യുദ്ധങ്ങളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിച്ച് ലോകസമാധാനം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഐക്യരാഷ്ട്ര സഭ സ്ഥാപിച്ചത്. എന്നാൽ അംഗരാഷ്ട്രങ്ങളുടെ പരമാധികാരം മൂലം യുദ്ധങ്ങൾ ലോകസമാധാനം കെടുത്തുമ്പോൾ ഐക്യരാഷ്ട്രസഭ നിഷ്പ്രഭമായി പോകുന്നുവെന്ന് ഗുരു പറഞ്ഞു. ലോകശാന്തിക്കും സമാധാനത്തിനും ഏകാത്മകതാ ബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടരാജ ഗുരു ഏഴിമല ലോക സമാധാന സമ്മേളനം വിളിച്ചു ചേർത്തത്. ഏകാത്മകതാ ദർശനത്തിന് അനുഗുണമായ വിദ്യാഭ്യാസ ദർശനം, ലോക സാമ്പത്തിക ദർശനം, ഏകലോക രാഷ്ട്രമീമാംസ, നിയമ സംഹിത, ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഏകലോക സർക്കാർ, ഇതിനെല്ലാം അടിസ്ഥാനമായിരിക്കുന്ന സർവ്വസമന്വയശാസ്ത്രം. ഇതെല്ലാം നിലവിൽ വന്നാലേ ഏകലോക സമാധാന സ്വപ്നം സാക്ഷാത്കരിക്കാനാവൂ.
യോഗത്തിൽ നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, സ്വാമി മന്ത്രചൈതന്യ, സ്വാമി തത്വതീർത്ഥ, സി. എച്ച്. മുസ്തഫ മൗലവി,മാതാ ജ്യോതിമയി ഭാരതി, മാതാ ഗാർഗ്ഗി ഗായത്രി ഗിരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |