
പത്തനംതിട്ട : തിരുവാഭരണ ഘോഷയാത്രയ്ക്ക് ഇനി 12 ദിവസം മാത്രം ബാക്കി നിൽക്കെ കാടുമൂടിയും ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി കിടക്കുന്ന പാത സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ല. പന്തളത്ത് നിന്ന് ആരംഭിച്ച് വിവിധ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന തിരുവാഭരണപാതയ്ക്ക് 83 കിലോമീറ്ററാണ് നീളം. ഇതിൽ 43കിലോമീറ്റർ ജനവാസമേഖലയും 40 കിലോമീറ്റർ വനമേഖലയുമാണ്.
ജനവാസ മേഖലയിൽ കൂടി കടന്നുപോകുന്ന പാതയുടെ ഭാഗങ്ങൾ വിവിധ ഗ്രാമ, ജില്ലാ പഞ്ചായത്തുകളുടെയും കെ.എസ്.ടി.പി, പെതുമരാമത്ത് വകുപ്പിന്റെയും കൈവശമാണ്. പാത സഞ്ചാര യോഗ്യമാക്കേണ്ട ചുമതലയും ഇവർക്കാണ്.
പന്തളം മുതൽ സന്നിധാനം വരെ നീണ്ടു കിടക്കുന്ന തിരുവാഭരണ പാത പന്തളം രാജാവാണ് നിർമ്മിച്ചത്. പന്തളംതാരയെന്നും രാജപാതയെന്നും അറിയപ്പെടുന്ന പരമ്പരാഗത തിരുവാഭരണപാതയക്ക് അഞ്ചു മീറ്റർ മുതൽ 42 മീറ്റർവരെ വീതിയുണ്ടായിരുന്നു. പാതയിൽ വ്യാപക കൈയേറ്റം മൂലം വീതി കുറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായതോടെ 2008ൽ തിരുവാഭരണപാത സംരക്ഷണ സമിതി കോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലിലൂടെ 2009 ൽ കൈയേറ്റം കണ്ടെത്തി അളന്നു തിട്ടപ്പെടുത്തി അതിരുകല്ലുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെയും കൈയേറ്റം പൂർണമായി ഒഴുപ്പിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് ബാധിച്ചു
തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് ഭക്തരാണ് പാതയിലൂടെ കാൽനടയായി സന്നിധാനത്തേക്ക് സഞ്ചരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുത്താണ് തിരുവാഭരണപാത എല്ലാ വർഷവും സഞ്ചാരയോഗ്യമാക്കുന്നത്. ഇക്കുറി ഇലക്ഷൻ കാലമായതും പുതിയ ഭരണസമിതി അധികാരമേൽക്കാനുള്ള കാലതാമസവുമെല്ലാം മുന്നൊരുക്കങ്ങൾ അവതാളത്തിലാക്കി.
ഉടൻ സഞ്ചാരയോഗ്യമാക്കണം
നഗ്നപാതരായിട്ടാണ് പാതയിലൂടെ ഗുരുസ്വമിമാർ ഉൾപ്പടെയുള്ളവർ പേടകങ്ങളുമായി സന്നിധാനത്തേക്ക് യാത്ര ചെയ്യുന്നത്. പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് കാടുവെട്ടിത്തെളിക്കുകയും അറ്റകുറ്റപണി നടത്തി യുദ്ധകാല അടിസ്ഥാനത്തിൽ നവീകരിക്കുകയും ചെയ്യണം.
അഡ്വ.ഡി.വിജയകുമാർ
ദേശീയ ജനറൽ സെക്രട്ടറി
അഖില ഭാരത അയ്യപ്പസേവാ സംഘം
തിരുവാഭരണപാത
നീളം : 83 കി.മീ.
ജനവാസമേഖലയിൽ : 43 കിലോമീറ്റർ
വനമേഖലയിൽ : 40 കിലോമീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |