പുതുവത്സരാഘോഷത്തിന് ആളൊഴുകും
കൊല്ലം: മലമേലിന്റെ സുന്ദരകാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്. പുതുവത്സര ആഘോഷത്തിനായി ഇന്ന് രാത്രി മുഴുവൻ ഇവിടെ തിരക്കുണ്ടാവും.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന അറയ്ക്കൽ വില്ലേജിലാണ് മലമേൽ ടൂറിസം പ്രദേശം. നവംബർ മുതലാണ് ഇവിടെ തിരക്കേറുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ളതും ശിലകളിൽ തീർത്തതുമായ രൂപവൈവിദ്ധ്യങ്ങൾ സഞ്ചാരികളെ വിസ്മയിപ്പിക്കും. കരിമ്പാറയും അതിനടിയിൽ പടർന്നുകയറുന്ന വന്യമായ പച്ചപ്പും ചേർന്ന് വേറിട്ടൊരു ദൃശ്യവിരുന്ന് പ്രകൃതിയൊരുക്കുമ്പോൾ തണുത്ത കാറ്റും ദൂരക്കാഴ്ചകളും കൂടുതൽ സുന്ദരാനുഭവങ്ങളൊരുക്കും.
എല്ലാ വർഷവും പുതുവത്സര ആഘോഷത്തിന് രാത്രി കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇക്കുറി അതില്ല. സാധാരണ രാവിലെ 6 മുതൽ രാത്രി 7 വരെയാണ് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനമെങ്കിൽ ഇന്ന് അർദ്ധരാത്രി പിന്നിടും വരെയും ആഘോഷിക്കാം.
സുന്ദര കാഴ്ചകൾ
ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് മലമേലിനെ വ്യത്യസ്തമാക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 584 അടി ഉയരമുള്ള പ്രദേശം. നാടുകാണിപ്പാറ, വിമാനപ്പാറ, ഗോളാന്തര പാറ, കുടപ്പാറ എന്നിങ്ങനെ പല പേരുകളിലും രൂപങ്ങളിലുമുള്ള പാറക്കൂട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം. നാടുകാണിപ്പാറയിൽ നിന്നുള്ള ദൂരദൃശ്യങ്ങൾ നയനമനോഹരമാണ്. തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോൾ അറബിക്കടലിന്റെ തീരത്തെ തങ്കശേരി വിളക്കുമരവും തെക്കുപടിഞ്ഞാറ് ദിശയിൽ ചടയമംഗലം ജടായു പാറയും ഇവിടെ നിന്ന് കാണാം. കിഴക്ക് സഹ്യപർവത നിരകളുടെ ഭംഗിയും അസ്തമയ സൂര്യന്റെ വർണ്ണക്കാഴ്ചകളും ആസ്വദിക്കാം. പാറമുകളിലെ ക്ഷേത്രവും പ്രത്യേകതകളുള്ളതാണ്. ഇവിടെ എപ്പോഴും വാനരക്കൂട്ടമുണ്ടാകും. പാറയില്ലാത്ത ഭാഗത്തൊക്കെ ചന്ദനവും മറ്റ് അപൂർവ സസ്യജാലങ്ങളും നിറഞ്ഞിട്ടുണ്ട്.
സാദ്ധ്യതകൾ ഇനിയുമേറെ
ടൂറിസം വകുപ്പിന് കൈമാറിയ 17 ഏക്കർ റവന്യു ഭൂമിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്. മൂന്ന് കോടി ചെലവിട്ട് നിർമ്മിച്ച കഫെറ്റേരിയയും കുട്ടികളുടെ പാർക്കും സംരക്ഷണ വേലികളുമൊക്കെയുണ്ടെങ്കിലും പദ്ധതി പൂർണതോതിലേക്ക് എത്തിക്കാനായിട്ടില്ല. പാർക്ക് ഉദ്ഘാടനം ചെയ്തെങ്കിലും കളിക്കോപ്പുകൾ എത്തിയില്ല. ലഘു ഭക്ഷണ ശാലയും ടൊയ്ലറ്റ് സംവിധാനവും സി.സി.ടി.വി നിരീക്ഷണവും രാവും പകലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കരുതലുമുണ്ട്. എന്നാൽ വലിയ സാദ്ധ്യതകളുള്ള ഈ ടൂറിസം കേന്ദ്രത്തിന് മാസ്റ്റർ പ്ളാൻ തയ്യാറാക്കിയിട്ടില്ല. നിലവിൽ 20 രൂപയാണ് ടിക്കറ്റ് നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |