ആഘോഷം അതിരു കടന്നാൽ കർശന നടപടി
കൊല്ലം: പുതുവത്സരം ആഘോഷിക്കാൻ നാടൊരുങ്ങി നിൽക്കവേ, ജാഗ്രതയോടെ പൊലീസ് സംഘം. എക്‌സൈസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവരുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കി.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പൊലീസിന്റെ പ്രത്യേക പരിശോധനകളുണ്ടാവും. പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി അറുപതോളം സ്ഥലങ്ങളിൾ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസും എക്‌സൈസും മോട്ടോർ വാഹന വകുപ്പും വാഹന പരിശോധന നടത്തും. നിയമ ലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
ആഘോഷങ്ങളുടെ പേരിൽ അനധികൃതമായി ഉപയോഗിക്കുന്ന മൈക്ക്‌സെറ്റുകൾ പിടിച്ചെടുക്കും. മൈക്ക് ഓപ്പറേറ്റർക്കെതിരെ കേസ് എടുക്കും. ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെയും കർശനമായ നടപടിയുണ്ടാവും.
പഴുതടച്ച് പൊലീസ്
പ്രത്യേക പട്രോളിംഗിനായി 42 പൊലീസ് ജീപ്പുകളും 35 ബൈക്കുകളും
വാഹനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞ് നിറുത്തി പരിശോധിക്കാൻ 65 വെഹിക്കിൾ ചെക്കിംഗ് പോയിന്റ്
കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ 4 എ.സി.പി മാരുടെ നിയന്ത്രണത്തിൽ 16 പോലീസ് ഇൻസ്‌പെക്ടർന്മാരും 175 എസ്.ഐമാരും അടക്കം 700 ഓളം പൊലീസ് ഉദ്യോഗസ്ഥർ രംഗത്ത്
പാർക്കിംഗിൽ ശ്രദ്ധ വേണം
കൊല്ലം ബീച്ചിൽ എത്തുന്നവരുടെ വാഹനങ്ങൾ ഡി.സി.സി ഓഫീസിൽ നിന്ന് മുണ്ടയ്ക്കലിലേക്ക് പോകുന്ന റോഡിന്റെ വശങ്ങളിലും വി പാർക്കിൽ എത്തുന്നവരുടെ വാഹനങ്ങൾ ക്യു.എ.സി റോഡിന്റെ വശങ്ങളിലും കർബല ശാരദാമഠം റോഡിന്റെ വശങ്ങളിലും പാർക്ക് ചെയ്യണം.
ആഘോഷം വേണ്ട, അർദ്ധരാത്രിക്ക് ശേഷം ഇന്ന് അർദ്ധരാത്രിക്ക് ശേഷം യാതൊരുവിധ ആഘോഷങ്ങളും അനുവദിക്കില്ല. പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ കൺട്രോൾ റൂമിലോ പരാതികൾ അറിയിക്കാം.
....................................
നിയമലംഘനം അറിയിക്കാേൻ ഫോൺ നമ്പരുകൾ: 112, 0474 2742265
ആഘോഷങ്ങളുടെ മറവിൽ അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുളള നടപടികളുമുണ്ടാവും. ഇവരുടെ സാന്നിദ്ധ്യം ഉണ്ടാവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ 50 പിക്കറ്റ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്
കിരൺ നാരായണൻ, ജില്ലാ പൊലീസ് മേധാവി
..........................................
പുതുവത്സര ആഘോഷങ്ങൾ നല്ലതുതന്നെ, അതിരുവിടാൻ പാടില്ല. പൊലീസ് കർശന പരിശോധനയും നടപടിയും കൈക്കൊള്ളും. അനുമതിയില്ലാത്തും നിയന്ത്രണ വിധേയമല്ലാത്തതുമായ ആൾക്കൂട്ട ആഘോഷങ്ങൾ, ഡി.ജെ. പാർട്ടികൾ എന്നിവ ഒഴിവാക്കണം ടി.കെ.വിഷ്ണുപ്രദീപ്, റൂറൽ എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |