
തിരുവനന്തപുരം: കുറ്റാന്വേഷണത്തിലെ മികവിന് കേന്ദ്ര,സംസ്ഥാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പൊലീസിലെ 'ഷെർലക് ഹോംസ്' എന്ന് പേരെടുത്ത ചെന്നൈ സ്വദേശിയായ ഡി.ഐ.ജി കെ.കാർത്തിക്കാണ് സിറ്റി പൊലീസിന്റെ പുതിയ തലവൻ. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന,വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും പരിഗണിക്കുന്ന കാർത്തിക് കുറ്റവാളികളോട് ഒരുവിട്ടുവീഴ്ചയും കാട്ടാറില്ല.
തെളിവുകൾ കുഴിച്ചുമൂടി ചാരമാക്കിയ കേസുകളിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സത്യം തെളിയിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം, കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഒഫ് ഓണർ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രണയനൈരാശ്യം കാരണം കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനി മാനസയെ വെടിവച്ചുകൊന്ന കേസിൽ ബീഹാർവരെ നീണ്ട അന്വേഷണത്തിനാണ് കേന്ദ്രപുരസ്കാരം ലഭിച്ചത്. കള്ളത്തോക്കിന്റെ ഉറവിടം തേടി ബീഹാറിലെ പട്ന,മുഗീർ എന്നിവിടങ്ങളിലും ചില മാവോയിസ്റ്റ് മേഖലകളിലുമെത്തി തോക്കുനൽകിയ ആളെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവറെയും അറസ്റ്റുചെയ്തു. കേരളത്തിലേക്ക് കള്ളത്തോക്കെത്തുന്ന വഴികൾ കണ്ടെത്താൻ ബീഹാറിലെ അന്വേഷണത്തിലൂടെ സാധിച്ചു.
പാലാരിവട്ടം പാലം അഴിമതി,മരട് ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകൾ,കൊച്ചിയിലെ അനധികൃത കെട്ടിട നിർമാണം,ആലത്തൂരിലെ പട്ടികജാതി– വർഗ കേസുകൾ,നടൻ കലാഭവൻ മണിയുടെ മരണം എന്നിങ്ങനെ നിരവധി കേസുകളിൽ മികവുകാട്ടി. സാധാരണക്കാരോട് അനുഭാവമുള്ള ഉദ്യോഗസ്ഥനാണ്. എറണാകുളം റൂറൽ എസ്.പിയായിരിക്കെ, പരാതി നൽകാനെത്തിയ ഭിന്നശേഷിക്കാർ മൂന്നാം നിലയിലെ തന്റെ മുറിയിലേക്കു കയറാൻ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ താഴെ ഇറങ്ങിച്ചെന്ന് പരാതി സ്വീകരിച്ചു. കൊവിഡുകാലത്ത് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണമെത്തിച്ചു. കണ്ണൂർ എ.എസ്.പിയായിരിക്കെ, വളപട്ടണം സ്റ്റേഷനിൽ വിരമിച്ച എസ്.ഐ ശൈലേന്ദ്രനെ സ്വന്തമായി ജീപ്പോടിച്ച് വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് കാർത്തിക് കൈയടി നേടിയിരുന്നു.
കർഷക കുടുംബത്തിൽ
നിന്ന് ഐ.പി.എസിലേക്ക്
ചെന്നൈയിലെ തുരുഞ്ചാപുരം ഗ്രാമത്തിലെ കർഷക കുടുംബമാണ് കാർത്തിക്കിന്റേത്.
ഗ്രാമത്തിലെ ആദ്യ എൻജിനിയറാണ് കാർത്തിക്. അനുജൻ കെ.പഴനി ഗ്രാമത്തിലെ ആദ്യ ഡോക്ടറും.
ട്യൂഷന് പോകാൻ പണമില്ലാത്തതിനാൽ, തനിയെ തയ്യാറെടുത്താണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്.
2011 ബാച്ചിലെ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
പാലക്കാട് എ.എസ്.പിയായി തുടക്കം. തൃശൂർ സിറ്റി എ.സി.പി,ഗവർണറുടെ എ.ഡി.സി,വയനാട്,തൃശൂർ,
കോട്ടയം,എറണാകുളം റൂറൽ എസ്.പിയുമായിരുന്നു. നിലവിൽ വിജിലൻസിൽ ഡി.ഐ.ജിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |