SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

മലയാലപ്പുഴ ക്ഷേത്രത്തിലെ മോഷണം: വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡ് മുക്കി

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: മലയാലപ്പുഴ ക്ഷേത്രത്തിൽ പൂജാ സ്റ്റാളുകളിൽ നിന്ന് വാങ്ങി ഭക്തർ നടയ്ക്ക് വയ്ക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് അതേ സ്റ്റാളിൽ ത്തന്നെ വിറ്റുകൊണ്ടിരുന്ന വൻ തട്ടിപ്പ് സംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡിന്റെ മുൻ ഭരണ സമിതി പൂഴ്ത്തി. ഇപ്പോഴത്തെ ഉപദേശക സമിതിക്ക് ഭക്തർ നൽകിയ പരാതിയെ തുടർന്നാണ് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിയത്. റിപ്പോർട്ട് കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് ദേവസ്വം ബോർഡിന് ലഭിച്ചിരുന്നു. ഇതിൻമേൽ അന്നത്തെ ദേവസ്വം ബോർഡ് നടപടിയെടുത്തില്ല. ദേവസ്വം ബോർഡിലെ റിട്ട. ജീവനക്കാരൻ ബിനാമിയെ വച്ച് നടത്തുന്ന പൂജാ സ്റ്റാൾ കേന്ദ്രീകരിച്ച് ഏറെക്കാലമായി നടന്ന മോഷണത്തിൽ രണ്ട് വാച്ചർമാർ, സബ് ഗ്രൂപ്പ് ഒാഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ എന്നിവർക്ക് പങ്കുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. എട്ടേകാൽ ലക്ഷം രൂപയുടെ ലേലത്തുക അ‌ടയ്ക്കാതെ പൂജാ സ്റ്റാൾ നടത്തിക്കൊണ്ടുപോയത് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുടെ അറിവോടെയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ അന്വേഷണം നടത്തണമെന്നും വിജിലൻസ് ശുപാർശ നൽകിയിരുന്നു. എന്നാൽ, വിജിലൻസ് റിപ്പോർട്ട് അപ്പാടെ ദേവസ്വം ബോർഡിന്റെ കഴിഞ്ഞ ഭരണ സമിതി പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. ഉപദേശക സമിതി ഇടപെട്ടതോടെ മോഷണം നടത്തിയ ആളിനെതിരെ മാത്രം മലയാലപ്പുഴ പൊലീസ് കേസെ‌ടുത്തു. അറസ്റ്റുചെയ്ത ഇദ്ദേഹത്തെ ജാമ്യത്തിൽ വി‌ടുകയും ചെയ്തു.

ലേലത്തുക അടയ്ക്കാതെ അനധികൃതമായി പൂജാ സ്റ്റാൾ നടത്തിയ കരാറുകാരനെതിരെ നടപടിയെടുത്തില്ല. മോഷണത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ, സബ് ഗ്രൂപ്പ് ഒാഫീസർ, രണ്ട് വാച്ചർമാർ എന്നിവർക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടും ബോർഡ് നടപടിയുണ്ടായില്ല.

കുടുങ്ങിയത് സി.സി.ടി.വിയിൽ

മലയാലപ്പുഴയിൽ പൂജാ സ്റ്റാളിന്റെ മറവിൽ വർഷങ്ങളായി തട്ടിപ്പു നടക്കുന്ന വിവരം ഭക്തജനങ്ങൾ ക്ഷേത്രോപദേശക സമിതിയെയും ദേവസ്വം ബോർഡിനെയും അറിയിച്ചിരുന്നു. എന്നാൽ, തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നു. ഇപ്പോഴത്തെ ഭരണസമിതി ചുമതല ഏറ്റെടുത്തപ്പോഴും പരാതികൾ ലഭിച്ചു. ഇതേതുടർന്ന് ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ക്യാമറകൾ സ്ഥാപിച്ചു. മോഷ്ടിച്ച പൂജാസാധനങ്ങൾ ചാക്കിലാക്കി കൊണ്ടുപോകുന്നത് ഒളിക്യാമറയിൽ വ്യക്തമായി. തുടർന്ന് ഉപദേശക സമിതി പൊലീസിൽ പരാതി നൽകി.

വിജിലൻസ് കണ്ടെത്തൽ

1. ലേലത്തുക അടയ്ക്കാത്ത പൂജാ സ്റ്റാളിലെ ജീവനക്കാരനാണ് മോഷ്ടാവ്

2. പൂജാ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകുന്നതുകണ്ട് മോഷ്ടാവുമായി സംസാരിച്ചുനിന്ന ദേവസ്വം വാച്ചറും കുറ്റക്കാരൻ.

3. മോഷണ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരനെ പിരിച്ചുവിടണം.

4. പൂജാസ്റ്റാളിന്റെ ലേലത്തുക ദേവസ്വം ബോർഡിൽ കെട്ടിവച്ചില്ല. ഇതുകാരണം ദേവസ്വം ബോർഡിന് വരുമാന നഷ്ടം. വീഴ്ച വരുത്തിയ ദേവസ്വം ബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ അച്ചടക്ക നടപടിയെടുക്കണം.

5. സ്റ്റാളിന്റെ കുത്തക ലേലം റദ്ദാക്കണം.

6. മോഷണം സി.സി.ടി.വിയിൽ കണ്ട ദിവസം അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ (എ.ഒ) ജോലിയിൽ ഉണ്ടായിരുന്നില്ല. എ.ഒ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ദിവസങ്ങളിലും മോഷണം നടന്നു. എ.ഒയ്ക്കെതിരെ ന‌ടപടിയെടുക്കണം.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY