
കോട്ടയം : പ്ലാവിന് ഭീഷണിയായി കുമിൾ രോഗം പടരുന്നു. മണ്ണിനോടു ചേർന്നു കിടക്കുന്ന കായ്‌ക്കളെ ബാധിച്ച് വളരെ വേഗം മറ്റു ചക്കകളിലേക്കും മരത്തിലേക്കും വേഗം രോഗം വ്യാപിക്കും. മണ്ണുജന്യ രോഗാണുവായതിനാൽ പ്ലാവിനു സമീപത്തെ ചെടികളെയും വൃക്ഷങ്ങളെയും ആക്രമിച്ച് പൂർണമായി നശിപ്പിക്കും. ചക്ക മൂപ്പെത്തുന്നതിന് മുൻപ് ഉള്ളിൽ നിന്ന് അഴുകിത്തുടങ്ങും. മുറിക്കുമ്പോൾ വഴുവഴുപ്പും ദുർഗന്ധവും. ചക്കയുടെ മടലിൽ പൂപ്പൽ തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത് . പാകമെത്തും മുമ്പേ കൊഴിഞ്ഞു വീഴും. അധികം പൊക്കം വയ്‌ക്കാത്ത സങ്കരയിനങ്ങളിലും നാടൻ ഇനങ്ങളിലേക്കും ഇതു പടരുന്നുണ്ട് .യാതൊരു രോഗബാധയുമില്ലാത്ത നാടൻ പ്ലവുകളിലേക്കും രോഗം വ്യാപിച്ചതോടെ ഉത്പാദനം കുറഞ്ഞു. ചക്കയ്‌ക്ക് കുമിൾ രോഗം ബാധിച്ചതോടെ ച ക്കപ്പൊടി , ചക്ക ജാം, അടക്കം ചക്ക ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങളുടെ ഉത്പാദനത്തെയും ബാധിച്ചു.
വില ഉയർന്നിട്ടും, പ്രയോജനമില്ല
വിപണിയിൽ ചക്ക വിലയും ഉയർന്നു. 200- 300 രൂപ വരെയായി. എന്നാൽ ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.
ഉൾഭാഗം ചീഞ്ഞ് അഴുകുന്നതിനാൽ കൂടിയ വില നൽകി വാങ്ങുന്ന ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ പറ്റുന്നില്ല. ചക്കയ്‌ക്ക് ക്ഷാമം രൂക്ഷമായതോടെ ചക്ക വറുത്തതിന്റെ വിലയും ഉയർന്നു. രോഗം വ്യാപകമായതോടെ വറക്കുന്നതിന് ചക്ക വാങ്ങുന്നതും പലരും നിറുത്തി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് മൂപ്പു കുറഞ്ഞ ചക്കയോടാണ് പ്രിയം. ഇതും കയറ്റുമതി ചെയ്യാനാകാത്ത സ്ഥിതിയാണ്.
വില : 200- 300
''കുമിൾ രോഗം ചക്കയിൽ പടർന്നുപിടുക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയായി. രോഗം പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യൻ കൃഷി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.
-എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |