
ഇരിട്ടി: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ കീഴ്പ്പള്ളി - മണത്തണ സെക്ഷൻ അതിർത്തിയിലുള്ള ഓടംതോട് പുഴയിൽ അവശനിലയിലായ മലമാനിന് രക്ഷകരായി വനപാലകർ. ഇന്നലെ രാവിലെ പത്തുമണിയോടെ ആറളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഓടംതോട് അയ്യപ്പക്ഷേത്രത്തിന് പിന്നിലെ പുഴയിൽ അനങ്ങാതെ കിടക്കുന്ന മലമാനിനെ കണ്ട നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി.നാല് വയസ്സ് തോന്നിക്കുന്ന ഇരുക്കൊമ്പുകളുള്ള ആൺമാനിന്റെ ദേഹത്ത് മുറിവുകളോ,പരിക്കുകളോ ഉണ്ടായിരുന്നില്ല.എന്നാൽ ഇടതുകൊമ്പിന്റെ അടിഭാഗത്ത് ചോര പൊടിയുന്ന നിലയിലായിരുന്നു. പ്രകൃത്യാ കൊമ്പ് പൊഴിഞ്ഞുണ്ടാകുന്ന മുറിവിൽ ഈച്ചകൾ മുട്ടയിട്ട് പുഴുവരിച്ചതാണ് മലമാൻ അവശനിലയിലാകാൻ കാരണമായതെന്ന് വനപാലകർ പറഞ്ഞു. പുഴുക്കളുടെ ശല്യം സഹിക്കാനാവാതെയാണ് മാൻ പുഴയിലെ വെള്ളത്തിൽ അഭയം തേടിയതെന്ന് കരുതുന്നു.
ഉദ്യോഗസ്ഥർ മാനിനെ കരയ്ക്കെത്തിച്ച് മുറിവിലെ പുഴുക്കളെ നീക്കം ചെയ്ത് മരുന്നുവച്ച് കെട്ടുകയായിരുന്നു. നിലവിൽ വനപാലകരുടെ നിരീക്ഷണത്തിലാണ് മലമാൻ. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് വനത്തിലേക്ക് തുറന്നുവിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |