കോഴിക്കോട്: സാഹസിക ബൈക്ക് റേസിംഗ് മത്സരമായ സൂപ്പർ ക്രോസ് ലീഗിന് വിട്ടുനൽകിയ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഈ മാസം 15നകം പുനഃസ്ഥാപിക്കുമെന്ന് മേയർ ഒ.സദാശിവൻ. സ്റ്റേഡിയം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികപ്രേമികൾ ഉയർത്തിയ ആശങ്ക ഗൗരവകരമായി എടുക്കും. ഫുട്‌ബോൾ അല്ലാത്ത ഇവന്റുകൾ ഇനി നടത്തണമോയെന്ന് ഗൗരവമായി ആലോചിക്കും. നേരത്തെ തന്നെ ഫുട്‌ബോളിനായി സ്റ്റേഡിയം കെ.എഫ്.എക്ക് കൈമാറിയിരുന്നു. അതുകൊണ്ടാണ് റേസിംഗ് ലീഗിന്റെ 25 ലക്ഷം കെ.എഫ്.എക്ക് അവർ നൽകിയത്. സൂപ്പർ ക്രോസ് റേസിംഗ് ലീഗ് നടത്തിയത് കോർപ്പറേഷൻ കൗൺസിലിന്റെ അനുമതിയോടെയാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഉയർത്തിയ അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്നും മേയർ പറഞ്ഞു.
25ഓടെ പുനസ്ഥാപിക്കും: സംഘാടകർ
ഈ മാസം 25 ഓടെ സ്റ്റേഡിയത്തിലെ ടർഫ് പഴയ സ്ഥിതിയിലേക്കു എത്തുമെന്നും മറ്റ് കായികമത്സരങ്ങളും ടൂർണമെന്റുകളും സംഘടിപ്പിക്കാൻ പൂർണമായും സജ്ജമാകുമെന്നും സൂപ്പർ ക്രോസ് റേസിംഗ് ലീഗ് സംഘാടകരായ ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ഐ.എസ്.ആർ.എൽ) ആൻറ് ബാൻഡിഡോസ് മോട്ടോർസ്പോർട്സ് അറിയിച്ചു. അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രധാന വേദികൾ പരിപാടികൾക്കുശേഷം വിജയകരമായി പുനഃസ്ഥാപിച്ച് കൈമാറിയിട്ടുണ്ട്. സ്റ്റേഡിയം അധികൃതരുമായി ഉണ്ടായ കരാർ പ്രകാരം സ്റ്റേഡിയത്തിലെ ക്ലിയറിംഗ് ജോലികൾ ഡിസംബർ 31ന് തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
പുൽമൈതാനം പൂർണമായും നശിച്ചു
ഫിഫ മാനദണ്ഡം അനുസരിച്ച് നിർമ്മിച്ച പുൽമൈതാനത്ത് റേസിംഗിന് വേണ്ടി ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും കയറി ഇറങ്ങിയതോടെ പുല്ല് പൂർണമായും നശിച്ചു. ഇത് പഴയത് പോലെയാകാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഫുട്ബോൾ പ്രേമികളുടെ ആശങ്ക. റേസിംഗ് സംഘാടകർ സ്റ്റേഡിയം അധികൃതർക്ക് നൽകിയ ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം രൂപ കൊണ്ട് അറ്റകുറ്റ പണി പൂർത്തിയാകില്ലെന്നും ആരോപിച്ചു.
സ്വതന്ത്ര ഏജൻസി അന്വേഷിക്കണം: യു.ഡി.എഫ്
കോർപ്പറേഷൻ സ്റ്റേഡിയം ബൈക്ക് റേസിംഗായ ഇന്ത്യൻ സൂപ്പർ ക്രോസ് ലീഗ് ഗ്രാൻഡ് ഫിനാലേയ്ക്ക് വിട്ട് നൽകിയത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി. സൂപ്പർ ക്രോസ് ലീഗ് ഗ്രാൻഡ് ഫിനാലേയ്ക്ക് ശേഷം സ്റ്റേഡിയത്തിലെ പുല്ല് കരിഞ്ഞുണങ്ങുകയും നാശനഷ്ടമുണ്ടാവുകയും ചെയ്ത മേഖലകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു യു.ഡി.എഫ് അംഗങ്ങൾ. കോർപ്പറേഷനെ മറികടന്ന് കേരള ഫുട്ബോൾ അസോസിയേഷനാണ് സ്റ്റേഡിയം മത്സരത്തിനായി വിട്ടു നൽകിയത്. പ്രതിപക്ഷ നേതാവ് എസ്. വി സയ്യിദ് മുഹമ്മദ് ഷമീൽ, യു.ഡി.എഫ് കൗൺസിൽ പാർട്ടി ഉപനേതാവ് മനക്കൽ ശശി, കൗൺസിലർമാരായ എസ്.കെ അബൂബക്കർ, സഫറി വെള്ളയിൽ, ജിഷാൻ, സക്കീർ, ഫാത്തിമ തഹ്ലിയ, സൗഫിയ അസീസ്, കവിത അരുൺ തുടങ്ങി 15 ലേറെ യു.ഡി.എഫ് കൗൺസിലർമാർ ഉൾപ്പെട്ട സംഘമാണ് സ്റ്റേഡിയം സന്ദർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |