രാത്രിയിലും പുലർച്ചെയും തണുപ്പ്
കൊല്ലം: രാത്രിയും പുലർച്ചെയുമുള്ള തണുപ്പിന് വിപരീതമായി ജില്ലയിൽ പകൽച്ചൂട് ഉയരുന്നു. ഒരു മാസത്തിന് ശേഷം ഇന്നലെയാണ് ഈ അവസ്ഥയ്ക്ക് ചെറിയൊരു മാറ്റം അനുഭവപ്പെട്ടത്. അന്തരീക്ഷം മേഘാവൃതമായിരുന്നതാണ് കാരണം.
ഒരാഴ്ചയിലേറെയായി മിക്ക ദിവസങ്ങളിലും ജില്ലയിലെ പകൽ താപനില 30 ഡിഗ്രിക്ക് മുകളിലാണ്. ഏതാനും വർഷങ്ങൾക്കു ശേഷം തുലാവർഷ മഴയിൽ കുറവുണ്ടായതിന് പിന്നാലെയാണ് പകൽ താപനില വർദ്ധിക്കുന്നത്. ഇത് കുടിവെള്ള ക്ഷാമത്തിനും കൃഷിയിടങ്ങളിൽ പ്രതിസന്ധിക്കും ഇടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ. അന്തരീക്ഷം മൂടിക്കെട്ടി നിന്നാൽ വരും ദിവസങ്ങളിൽ തണുപ്പിനും പകൽ സമയത്തെ ചൂടിനും വ്യത്യാസം ഉണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ വ്യക്തമാക്കി. .
വെയിലിന് കാഠിന്യം ഏറിയതോടെ തുറസായ ഇടങ്ങളിൽ ജോലി ചെയ്യുന്ന കർഷകർ ഉൾപ്പടെയുള്ളവർ ആശങ്കയിലാണ്. തോടുകളിലെയും ആറുകളിലെയും ജലനിരപ്പും ക്രമാതീതമായി താഴ്ന്നതോടെ കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ചെറു കാർഷിക വിളകൾ വെയിലിൽ വാടുന്നു. ഇത്തവണ നേരത്തേ ചൂട് വർദ്ധിക്കുന്നത് നെൽക്കൃഷിയെയും പ്രതികൂലമായി ബാധിക്കും. കണക്കുകൾ പ്രകാരം ജില്ലയിൽ തുലാവർഷം ദുർബലമായിരുന്നു. ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്, 550 മില്ലിമീറ്റർ. നാലു ശതമാനം മാത്രമാണ് കുറവുണ്ടായത്. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവാണ് ഇത്തവണ ലഭിച്ചത്.
മഴയ്ക്ക് സാദ്ധ്യത
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ ഫലമായി ഈ ആഴ്ച മുതൽ തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒരു സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ വരൾച്ചയാവും അനന്തര ഫലം.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. സാധാരണയായി ഈ മാസങ്ങളിൽ കണ്ടു വരുന്ന ചൂട് മാത്രമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ മോശം സാഹചര്യം ഇല്ല
കാലാവസ്ഥ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |