
വാഷിംഗ്‌ടൺ: വെനസ്വേലയിൽ വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കി മണിക്കൂറുകൾക്കകംതന്നെ അയൽരാജ്യമായ കൊളംബിയയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് സന്ദേശം നൽകിയിരിക്കുന്നത്. മയക്കുമരുന്നിന്റെ നിർമാണവും കടത്തും തടഞ്ഞില്ലെങ്കിൽ വെനസ്വേലയ്ക്ക് സമാനമായ അവസ്ഥയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
കൊളംബിയയെ കൂടാതെ മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങൾക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസിന്റെ നടപടിയെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പരമാധികാരത്തിനുനേരേയുള്ള ആക്രമണമെന്നാണ് ഗുസ്താവോ പെട്രോ വിശേഷിപ്പിച്ചത്. ഇത് മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് നടത്തിയ വ്യോമാക്രമണത്തെ ഗുസ്താവോ പെട്രോ രൂക്ഷമായി വിമർശിച്ചിരുന്നു.
അമേരിക്കയ്ക്ക് ഭീഷണിയുയർത്തുന്ന "പ്രശ്നക്കാരായ അയൽക്കാർ" എന്നാണ് കൊളംബിയ, മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളെ ട്രംപ് വിശേഷിപ്പിച്ചത്. ഇതോടെ ട്രംപ് ഈ രാജ്യങ്ങൾക്കുമേൽ സമ്മർദ്ദം കടുപ്പിച്ചിരിക്കുകയാണ്. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ക്യൂബയെന്ന് ട്രംപ് പറഞ്ഞു. മെക്സിക്കോയിലെ ഭരണം നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയകളാണെന്ന് അദ്ദേഹം ആരോപിച്ചു. അവിടെ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. കൊളംബിയയിൽ മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികളുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചു. ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിർമ്മാണത്തിൽ പങ്കാളിയാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെയും ട്രംപ് വിമർശിച്ചു. മെക്സിക്കൻ പ്രസിഡന്റ് നല്ല സ്ത്രീയാണെങ്കിലും അവർ രാജ്യത്ത് നല്ല രീതിയിൽ ഭരണം നടത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാർട്ടലുകളാണ് മെക്സിക്കോയെ നയിക്കുന്നത്, അവരെ പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അതിനായി ഞാൻ പലതവണ ക്ലോഡിയയോട് ചോദിച്ചു. അതിന് ക്ലോഡിയ അനുകൂല മറുപടി നൽകിയില്ലെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കാമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചന നൽകി. ഫിഡൽ കാസ്ട്രോയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ക്യൂബൻ പ്രവാസികൾ നയിച്ച 1961ലെ ബേ ഓഫ് പിഗ്സ് അധിനിവേശത്തെ പിന്തുണച്ചതുൾപ്പെടെ ലാറ്റിനമേരിക്കയിൽ സൈനിക ഇടപെടലുകളുടെ ഒരു നീണ്ട ചരിത്രമാണ് യുഎസിനുള്ളത്.
അതേസമയം, യുഎസ് നടപടികൾ ചർച്ച ചെയ്യുന്നതിനായി സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിക്ക് യോഗം ചേരുമെന്ന് കൗൺസിലിന്റെ സൊമാലി പ്രസിഡൻസി അറിയിച്ചു. അടിയന്തര യോഗം വെനസ്വേലയുടെ അഭ്യർത്ഥന പ്രകാരമാണെന്നും കൊളംബിയ അത് അറിയിച്ചതാണെന്നും നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |