
തൊടുപുഴ:സ്വന്തം ഗോശാലയിലെ ചാണകം മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭസ്മം പ്രസാദമായി വിതരണം ചെയ്യുന്നതാണ് കാരിക്കോട് അണ്ണാമലനാഥർ ക്ഷേത്രത്തെ മറ്റ് അമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഭക്തർക്ക് തീർത്ഥത്തിനൊപ്പം ഈ ഭസ്മം മാത്രമാണ് നൽകുന്നത്.സ്വന്തം ക്ഷേത്രഗോശാലയിലെ ചാണകമുപയോഗിച്ച് ഉണ്ടാക്കുന്ന ഭസ്മം പ്രസാദമായി വിതരണം ചെയ്യുന്ന കേരളത്തിലെ ഏക ശിവക്ഷേത്രമാണിത്.
ചാണകം വരളിയാക്കി പത്ത് ദിവത്തോളം വെയിലത്തിട്ട് ഉണക്കി ഹോമ കുണ്ഡത്തിൽ കത്തിക്കും.ഈ ചാരം അരിച്ചെടുത്താണ് ഔഷധ ഗുണമുള്ള ശുദ്ധവിഭൂതി നിർമ്മിക്കുന്നത്.കൂടാതെ പഞ്ചഗവ്യാമൃതം ജൈവവളവും ഇവിടെ ഉണ്ടാക്കുന്നുണ്ട്.ഭസ്മവും വളവും ആവശ്യക്കാർക്ക് ചെറിയ തുകയ്ക്കും നൽകും.പൊതുജനങ്ങൾ ചേർന്ന് രൂപീകരിച്ച പതിനൊന്നംഗ ട്രസ്റ്റാണ് ക്ഷേത്രഭരണം.
ക്ഷേത്ര ഗോശാല
രണ്ട് ഗോശാലകളിലായി ആറു വെച്ചൂർ പശുക്കളുണ്ട്.തവിടും,വൈക്കോലും,പച്ചപുല്ലുമാണ് തീറ്റ. ഇവയുടെ പാൽ ഉപയോഗിച്ചാണ് രാവിലത്തെ അഭിഷേകം.നടയടച്ച ശേഷം മാത്രമാണ് ഇവയെ മേയ്ക്കാനിറക്കുക.സ്വദേശിയായ ദീപനാണ് ഗോപാലകൻ.
18 നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം
1800 വർഷത്തിലധികം പഴക്കമുള്ളതായാണ് ആർക്കിയോളജിക്കൽ വകുപ്പ് വിലയിരുത്തുന്നത്.46 സെന്റ് സ്ഥലത്ത് കരിങ്കല്ലിൽ മാത്രം നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം ചോളരാജാക്കൻമാർ പണിയിച്ചതായാണ് ചരിത്രം.തമിഴ്ശൈലിയിൽ ചിത്രപ്പണികളോടെയാണ് നിർമ്മാണം.ശിവപാർവതിമാർ മക്കളായ ഗണപതിക്കും സുബ്രഹ്മണ്യനുമൊപ്പം കുടുംബസമേതം ഒറ്റ ശിലയിൽ കുടികൊള്ളുന്ന ഏക ക്ഷേത്രത്തെക്കുറിച്ച് കേരള ചരിത്രം, ഐതിഹ്യമാല തുടങ്ങിയ ചരിത്രഗ്രന്ഥങ്ങളിലും വിവരണമുണ്ട്. 70 വർഷങ്ങൾക്കു മുമ്പ് ക്ഷേത്രം പരിപാലിച്ചിരുന്ന ശങ്കരഗിരിസ്വാമിയുടെ സമാധിസ്ഥാനവുമുണ്ട്.
''ക്ഷേത്രത്തിനൊപ്പം ഗോശാലയും വിപുലീകരിക്കും. പശുവിനെ വളർത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന മറ്റ് ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്കും ഇവയെ സൗജന്യമായി നൽകാൻ തയ്യാറാണ്. ""
-സുദീപ് കുമാർ (മാനേജിംഗ് ട്രസ്റ്റി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |