
പത്തനംതിട്ട: കടലിലെ ചാകര പോലെയാണ് ഇപ്പോൾ ഏത്തക്കുല വിപണി. എവിടെ നോക്കിയാലും ചുളുവിലയ്ക്ക് ഏത്തക്കുല കിട്ടും. കർണാടക, മേട്ടുപ്പാളയം കുലകൾ റോഡിൽ തരംപോലെ വിലയിട്ടു വിൽക്കുന്നു. പെട്ടത് നമ്മുടെ നാടൻ കർഷകരാണ്. ഏത്തക്കുല വിപണിയിൽ കൊണ്ടുചെന്നാൽ ചെലവ് കാശ് പോലും കിട്ടില്ല. കിലോയ്ക്ക് 25രൂപയിലേക്ക് വില കൂമ്പൊടിഞ്ഞു. ഒരു വാഴയ്ക്ക് കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും ഉത്പാദന ചെലവ് വരുമ്പോൾ കുലയ്ക്ക് കർഷകർക്ക് കിട്ടുന്ന വില തുച്ഛം.
നാടൻ ഏത്തക്കുലകളുടെ സീസൺ ആണിപ്പോൾ. ഇതിനെ തകർക്കുംവിധമാണ് കർണാടക, തമിഴ്നാട് കുലകളുടെ വരവ്. അഞ്ച് കിലോയ്ക്ക് നൂറ് രൂപയെന്ന നിലയിൽ റോഡരികിൽ മറുനാടൻ ഏത്തക്കായ വിൽക്കുന്നു. റോഡിൽ പെട്ടി ഒാട്ടോകളിൽ കൊണ്ടുവന്ന് വിൽക്കുന്നത് കർണാടക, തമിഴ്നാട് കുലകളാണ്. നമ്മുടെ നാട്ടിലെ കുലകളേക്കൾ ഗുണനിലവാരം കുറഞ്ഞതാണ് ഇവയെന്ന് കടകളിലെ വ്യാപാരികൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. വാങ്ങാൻ ചെല്ലുന്നവർക്ക് വിലക്കുറവിന്റെ ആശ്വാസമാണ് വലുത്. അതുകൊണ്ട് തങ്ങളുടെ കച്ചവടം പൊളിയാതിരിക്കാൻ വരുത്തൻ കുലകൾ വാങ്ങി കടക്കാരും വിൽക്കുന്നു.
നാടൻ കുലകൾ കടകളിൽ വിൽക്കാൻ കൊണ്ടുചെന്നാൽ വേണ്ട. എന്നും കാണുന്ന കർഷകരിൽ നിന്ന് ഒന്നാേ രണ്ടോ കുലകൾ സ്വീകരിക്കും. കിലോയ്ക്ക് കുലയുടെ നൽപ്പനുസരിച്ച് 20-25 രൂപ നൽകും. 30 -35 രൂപയ്ക്ക് വിറ്റാലേ കടക്കാർക്ക് മുതലാകൂ. ഇൗ സമയത്താണ് മറുനാടൻ കുലകൾ കിലോയ്ക്ക് 20നും 25നും റോഡിൽ വിൽക്കുന്നത്.
@ വില പകുതയിൽ താഴെ
കഴിഞ്ഞ വർഷം ഇതേമാസം നാടൻ വിപണിയിൽ കിലോയ്ക്ക് 64രൂപയ്ക്കാണ് കർഷകരിൽ നിന്ന് ഏത്തക്കുല എടുത്തിരുന്നത്. 68-70രൂപയ്ക്ക് വിൽക്കുമായിരുന്നു. ഇതേ സീസണിൽ കർണാടകയിലും തമിഴ്നാട്ടിലും കിലയോയ്ക്ക് 30 -32 രൂപയ്ക്കാണ് കർഷകരിൽ നിന്ന് കുലകൾ എടുത്തിരുന്നത്. കേരളത്തിൽ നല്ല വില ലഭിക്കുമെന്ന് അറിഞ്ഞ് ഇൗ വർഷത്തേക്ക് മറുനാടൻ കർഷകർ കൂടുതൽ കൃഷി ചെയ്തു. ഇൗ വർഷം സംസ്ഥാനത്തെ വിപണിയിലുംകുലകൾ ഏറെയെത്തി. ഇതിനൊപ്പം മറുനാടൻ കുലകളും യഥേഷ്ടം എത്തിയതോടെയാണ് വില കുത്തനെ ഇടിഞ്ഞത്.
വിപണിയിൽ നിന്ന് കർഷകർക്ക് ലഭിക്കുന്ന വില - കിലോയ്ക്ക് 24-25
കടകളിൽ വിൽക്കുന്നത് 28 - 30
ഇത്തവണ ഏത്തക്കുലകൾ സമൃദ്ധമായി ലഭിച്ചു. പക്ഷെ, മറുനാടൻ കുലകൾ എത്തിയതോടെ വിപണിയിൽ വിലയില്ല. കൃഷി നഷ്ടമായി.
വേണു, ഏത്തവാഴ കർഷകൻ
മറുനാടൻ കുലകൾ സംസ്ഥാനത്ത് കൂടുതലായി എത്തുന്നതുകൊണ്ടാണ് നാടൻ കുലകൾക്ക് വില കുറയുന്നത്.
ഹിലാൽ, വാഴക്കുല വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |