കൊല്ലം: കുട്ടികളെ സ്ക്രീൻ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കാനും അവരിൽ ആത്മവിശ്വാസം ഉണർത്തുന്നതിനും കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെ ഉണർത്താനും ലക്ഷ്യമിട്ട് സിറ്റി പൊലീസ് ഒരുക്കിയ ചിൽഡ്രൻസ് ബിനാലെ ശ്രദ്ധേയമായി. വി.പാർക്കിൽ സംഘടിപ്പിച്ച ബിനാലെ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പരസ്പരം സംസാരിക്കുന്നതുപോലും കുറഞ്ഞിരിക്കുന്നു. ലോകത്തും രാജ്യത്തും നടക്കുന്ന സംഭവങ്ങൾ പോലും പലരും അറിയുന്നില്ല. നമ്മുടെ പൊതു ഇടങ്ങൾ കുറഞ്ഞുവരികയാണ്. നഷ്ടപ്പെട്ട പൊതു ഇടങ്ങൾ വീണ്ടെടുക്കലാണ് ഇനിവേണ്ടത്. മദ്യത്തെക്കാളും മയക്കുമരുന്നിനേക്കാളും അപകടകരമാണ് ഡിജിറ്റൽ അഡിഷനെന്നും ശീലമായിക്കഴിഞ്ഞാൽ അതിൽ നിന്ന് പിന്തിരിയാൻ ഏറെ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എം.നൗഷാദ് എംഎൽഎ അദ്ധ്യക്ഷനായി.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായൺ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രഞ്ജിനി, എ.സി.പിമാരായ എ.പ്രതീപ്കുമാർ, എസ്.ഷെരീഫ്, ആർട്ടിസ്റ്റുമാരായ ആശ്രാമം സന്തോഷ്, ആർ.ബി.ഷജിത്ത് തുടങ്ങിയവർ സംസാരിച്ചു. 600 ഓളം വിദ്യാർത്ഥികൾ വിവിധ മേഖലകളിലെ വിനോദങ്ങളിൽ പങ്കാളികളായി. കളിമൺ-കരകൗശലം, ക്രാഫ്ട്, ക്ലേ മോഡലിംഗ്, നൃത്തം, പെയിന്റിംഗ്, കാലിഗ്രഫി, രംഗോലി, കരാട്ടെ, കളരിപ്പയറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, വിഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, വിഷ്വൽ കമ്മ്യുണിക്കേഷൻ, സംഗീതോപകരണങ്ങൾ, നാടകം, മാജിക് തുടങ്ങിയ പതിനെട്ടോളം മേഖലകളിൽ ബിനാലെയിൽ കുട്ടികൾക്ക് പരിശീലനം നൽകി. ഡി-ഡാഡ് കൗൺസലിംഗ് ഹെൽപ്പ് ഡെസ്കും പ്രവർത്തിച്ചു. സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മേയർ എ.കെ.ഹഫീസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ എന്നിവർ സംസാരിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |