
തൊടുപുഴ: നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുന്നതിനൊപ്പം ചിക്കൻ വിലയും മാനംമുട്ടേ പറക്കുന്നു. ഇറച്ചിക്കോഴിയുടെ വില 165 രൂപയിലെത്തി. അടുത്തകാലത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ക്രിസ്തുമസിന് മുമ്പ് വരെ കിലോയ്ക്ക് 140 രൂപയിൽ താഴെയുണ്ടായിരുന്നതാണ് പടിപടിയായി ഉയർന്ന് 165ലെത്തിയത്.ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്ത പക്ഷിപ്പനിയുടെ മറവിലാണ് കോഴിവില ഇടനിലക്കാർ ഉയർത്തിയിരിക്കുന്നത്. ഇടുക്കി ഉൾപ്പെടെയുള്ള മദ്ധ്യ കേരളത്തിലേയ്ക്ക് കൂടുതലും തമിഴ്നാട് നാമക്കല്ലിൽ നിന്നാണ് കോഴികളും കോഴി മുട്ടയും കൂടുതലായി എത്തുന്നത്. ഇതിനായി നൂറുകണക്കിന് ഏജന്റുമാരും രംഗത്തുണ്ട്. അടുത്തിടെ ആലപ്പുഴയിൽ താറാവുകൾക്കുണ്ടായ പക്ഷിപ്പനിയുടെ മറവിൽ ഏജന്റുമാർ കോഴിക്കച്ചവടവും മുതലാക്കുകയാണെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. വേനൽ ആരംഭിച്ചതോടെ ജില്ലയിലെ ഫാമുകളിലെ കോഴി വളർത്തൽ കുറച്ചു. പ്രതിസന്ധി ചൂഷണം ചെയ്ത് തമിഴ്നാട്ടിലെ ഫാമുകൾ വില കുത്തനെ കൂട്ടി. ഇതാണ് വില കുതിച്ചുയരാൻ പ്രധാന കാരണം. ഇതോടൊപ്പം കോഴിത്തീറ്റയുടെ വില വർദ്ധനയും ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് ഒരു കാരണമാണ്. വില കുറച്ചും കൂട്ടിയും പ്രാദേശിക ഫാമുകളെ സമ്മർദ്ദത്തിലാക്കാനുള്ള മൊത്തക്കച്ചവടക്കാരുടെ ഇടപെടലുകൾ ഇപ്പോഴത്തെ വിലയിലെ വലിയ കൂടുതലിന് പിന്നിലുണ്ടോ എന്ന സംശയവും ചില ചില്ലറ വിൽപ്പനക്കാർ പ്രകടിപ്പിക്കുന്നുണ്ട്. സാധാരണ മണ്ഡലമകരവിളക്ക് കാലത്ത് കോഴിക്കും മുട്ടയ്ക്കും വില കുറയുകയാണ് പതിവ്. വിലക്കയറ്റം പിടിച്ചു നിർത്താൻ കോഴിത്തീറ്റക്ക് സർക്കാർ സബ്സിഡി അനുവദിക്കണമെന്നാണ് പ്രാദേശികമായ കോഴിക്കർഷകരുടെ ആവശ്യം.
ഹോട്ടലിലും
വില കൂടുമോ
ചിക്കന് വില വലിയ തോതിൽ ഉയർന്നതനുസരിച്ച് ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ വില ഉയരുമോയെന്ന് ആശങ്കയുണ്ട്. ചിക്കൻ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസരിച്ച് വിഭവങ്ങളുടെ വിലയിൽ മാറ്റം വരുത്താറില്ല. ഗ്യാസിനും പലചരക്ക് സാധനങ്ങൾക്കുമെല്ലാം വില വർദ്ധിച്ചതും കൂടി കണക്കിലെടുത്ത് വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടലുകൾ പറയുന്നത്. ഏതായാലും സാധാരണക്കാരന് ഇഷ്ടവിഭവമായ ചിക്കനും ഇനി അപ്രാപ്യമാകുമെന്നതാണ് സ്ഥിതി.
വേനൽ കടുത്താൽ വില കൂടും
വേനൽ കടുത്താൽ പല ഫാമുകളിലും കോഴികൾക്ക് പകർച്ചവ്യാധികൾ പിടികൂടാൻ സാദ്ധ്യതയുണ്ട്. അസുഖം പടർന്നാൽ വലിയ നഷ്ടം ഉണ്ടാകുമെന്നതിനാൽ വിലക്കൂടുതലൊന്നും കണക്കാക്കാതെ വേനൽ ആരംഭിച്ചതോടെ പല കർഷകരും ഫാമുകളിൽ കോഴികളെ വളർത്തുന്നില്ല. വേനൽക്കാലത്ത് കോഴിവസന്ത, കോഴിവസൂരി എന്നിവയും കണ്ണിൽ ബാധിക്കുന്ന അസുഖവുമാണ് കൂടുതലായി കണ്ടു വരുന്നത്. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം കൂട്ടത്തോടെ ചാവുകയും ചെയ്യും. മുട്ടക്കോഴികളേക്കാൾ ബ്രോയിലർ ഇറച്ചിക്കോഴികളെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിക്കുക.
മുട്ടയും കട്ടയ്ക്ക് തന്നെ
ആലപ്പുഴയിലെ പക്ഷിപനിയുടെ കാരണം മുതലെടുത്ത് മുട്ടയുടെ വിലയും ഇടനിലക്കാർ പടിപടിയായി ഉയർത്തുകയാണ്. മുട്ട ഒന്നിന് എട്ടു രൂപയ്ക്കാണ് ഇപ്പോൾ കടകളിൽ ലഭിക്കുന്നത്. ഇതോടെ നേരത്തെ എട്ടു രൂപയായിരുന്ന നാടൻ മുട്ടകൾക്ക് ഒന്നിന് പത്തു രൂപയായി. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് കേരളത്തിലേയ്ക്ക് പ്രധാനമായും കോഴി മുട്ട എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |