
തിരുവനന്തപുരം: കല്ലിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 1034 വീടുകളിൽ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ നിർവ്വഹിച്ചു.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റേയും, ഇന്ത്യൻ മെഡിക്കൽ സയൻസിന്റെയും കണക്ക് പ്രകാരം ഒരു മനുഷ്യൻ ഒരു ദിവസം 350 400 ഗ്രാം പച്ചക്കറികൾ കഴിക്കണം. അതിൽ ഇലക്കറികൾ 100 ഗ്രാമും ബാക്കിയുള്ളവ 300 ഗ്രാമുമാണ്. മലയാളികൾ മിതമായ അളവിൽ മാത്രമാണ് പച്ചക്കറികൾ ഉപയോഗിക്കുന്നത്. ആയതിനാൽ പോഷകങ്ങളുടെ അപര്യാപ്തത കാരണം ശാരീരിക പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വീട്ടുവളപ്പിലും , മട്ടുപ്പാവിലും പച്ചകക്കരി തോട്ടങ്ങൾ ഒരുക്കുന്നത്. വിഷാംശമില്ലാത്ത പച്ചക്കറികൾ ഉൽപ്പാദിപ്പിച്ച് പച്ചക്കറിയുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. കൃഷിചെയ്യുന്നതിനാവശ്യമായ എച്ച്.ഡി.പി.ഇ ചട്ടികളും, അതിൽ ഒരു ചെടിയുടെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനാവശ്യമായ ജൈവ വളങ്ങളും, വളർച്ചാ ത്വരകങ്ങളും, കുമ്മായ വസ്തുക്കളും ശാസ്ത്രീയമായ രീതിയിൽ ചേർത്ത് ചട്ടികളിൽ നിറച്ച് കല്ലിയൂർ കാർഷിക കർമ്മസേനാംഗങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു.
കല്ലിയൂർ കാർഷിക കർമ്മസേന ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള പച്ചക്കറി തൈകളാണ് നടാനായി ഉപയോഗിക്കുന്നത്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നടീൽ ഉദ്ഘാടനത്തിൽ കല്ലിയൂർ കൃഷി ഓഫീസർ ജ മേരിലത പദ്ധതി വിശദ്ധീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങൾ , കൃഷിഭവൻ ജീവനക്കാർ, കർഷകർ തുടങ്ങിയവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |