മുതലമട: ചുള്ളിയാർ ഡാമിന്റെ ബ്രാഞ്ച് കനാലുകളിലുള്ള തകർന്ന ഡ്രോപ്പുകൾക്ക് വർഷങ്ങളായിട്ടും ശാപമോക്ഷമില്ല. പത്തിച്ചിറയിലെയും കിഴക്കേത്തറയിലെയും ഉൾപ്പെടെ വിവിധ ഡ്രോപ്പുകൾ തകർന്ന് തരിപ്പണമായിട്ട് മൂന്ന് വർഷത്തിലധികമായിട്ടും പുനർ നിർമ്മിച്ചിട്ടില്ല. കാലപ്പഴക്കവും പരിചരണക്കുറവുമാണ് ഡ്രോപ്പുകൾ തരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡാം തുറന്നാൽ മെയിൻ കനാലിലൂടെ ഒഴുകുന്ന വെള്ളം ബ്രാഞ്ച് കനാലിലേക്കാണ് ആദ്യം എത്തുന്നത്. ഡ്രോപ്പുകൾ തകർന്നത് വെള്ളത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുകയും കനാലിന്റെ ഇരുവശങ്ങളിലേക്കും വെള്ളം കരവിഞ്ഞൊഴുകുകയും ചെയ്യുന്നു. കൂടാതെ കനാലിലൂടെ ഒഴുകിവരുന്ന അവശിഷ്ടങ്ങൾ തങ്ങിനിന്ന് കുമഞ്ഞുകൂടുകയും ചെയ്യുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചുള്ളിയാറിനും പോത്തുണ്ടിയ്ക്കും അനുവദിച്ചിട്ടുണ്ട്. ഇതിൽ 42 ലക്ഷം രൂപ ചുള്ളിയാറിന് ലഭിച്ചിട്ടുണ്ടെങ്കിലും യാതൊരു നിർമ്മാണ പ്രവർത്തികൾക്കും നാളിതു വരെ ഭരണാനുമതി ലഭിച്ചിട്ടില്ല. കൂടാതെ വകുപ്പിലെ ഫണ്ടിന്റെ അഭാവവും ഡ്രോപ്പുകളുടെ പുനർ നിർമ്മാണത്തിന് തടസമാകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പലതവണ കനാൽ ശുചീകരിച്ചെങ്കിലും ഡ്രോപ്പുകളുടെ പുനർനിർമ്മാണത്തിനായി ഒന്നും ചെയ്തിട്ടില്ല. ഡാം തുറക്കുന്നതിന് മുന്നോടിയായി ഇറിഗേഷൻ വിഭാഗം നടത്തിയ കനാൽ ശുചീകരണവും പാഴ് പണിയാണ്. ശുചീകരണ വേളയിൽ തകർന്ന ഡ്രോപ്പുകളുടെ അവശിഷ്ടങ്ങൾ മാറ്റാതെയാണ് ശുചീകരണം പേരിനു മാത്രമാക്കി ഒതുക്കിയത്. ബ്രാഞ്ച് കനാലുകളിലെ മണ്ണ് പൂർണമായി നീക്കം ചെയ്യുകയോ മെയിൻ കനാലുകളിലും ഫീഡർ കനാലുകളിലുമുള്ള പാഴ്‌ചെടികളുടെ തടസം പൂർണമായി മാറ്റുകയോ ചെയതിട്ടില്ല. ഇതുമൂലം കർഷകർ പാടത്തേക്ക് വെള്ളം എത്തിക്കുവാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ചുള്ളിയാർ ഡാമിലെ തകർന്ന ഷട്ടറിന്റെ പണി പൂർത്തീകരിച്ച് ഡാമിൽ വെള്ളം സംഭരിച്ച് തുടങ്ങി. ഡാം നിറയുന്നതനുസരിച്ച് കനാലിലേക്ക് വെള്ളം തുറക്കും. എന്നാൽ ഡ്രോപ്പ്കളുടെ തകർച്ചയും കാര്യക്ഷമമല്ലാത്ത കനാൽ ശുചീകരണവും ബ്രാഞ്ച് കനാലിലൂടെയുള്ള ഒഴുക്കിനെ പ്രതികൂലമായാണ് ബാധിച്ചിരിക്കുകയാണ്. അതിനാൽ ഡ്രോപ്പുകളുടെ നിർമ്മാണവും കനാലിന്റെ അറ്റകുറ്റപ്പണികളും ഉടൻ നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കനാലിലെ ഡ്രോപ്പുകൾ തകർന്നിട്ട് വർഷങ്ങളായി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലം കണ്ടില്ല. ഫണ്ടില്ലെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥരുടെ മറുപടി.ഇപ്പോൾ ഫണ്ട് അനുവദിച്ച് കിട്ടിയിട്ടും നടപടികൾ ഒച്ചിഴയും വേഗത്തിലാണ്.
കെ.രവി സ്രാമ്പിച്ചള്ള, യുവജനതാദൾ എസ് പഞ്ചായത്ത് കമ്മറ്റി അംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |