
മലപ്പുറം: എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമായ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ ജില്ലയിൽ 2025ൽ ചികിത്സ തേടിയെത്തിയത് 2,084 പേർ. ഒ.പി, ഐ.പി വിഭാഗങ്ങളിലായി യഥാക്രമം 1,890, 194 പേരാണ് ചികിത്സ തേടിയെത്തിയത്. നിലവിൽ ഒരു ദിവസം ഏകദേശം 20ഓളം പേരാണ് എത്തുന്നത്. നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് ജില്ലയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററുള്ളത്. ഒരു വാർഡാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പ്രധാനമായും പുകയില ഉത്പന്നങ്ങളും മദ്യവും ഉപയോഗിക്കുന്നവരാണ് ഇവിടെ കൂടുതലായും എത്തുന്നത്. ഇവിടെ എത്തുന്ന കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. 2024ൽ 1,954 പേരാണ് ചികിത്സ തേടി എവിടെ എത്തിയത്. 2023ൽ 3,161 പേരുമെത്തി.
35-40നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായും എത്തിക്കൊണ്ടിരിക്കുന്നത്. 11 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. ഒരാൾക്ക് രണ്ടാഴ്ച വരെ കിടത്തി ചികിത്സ ലഭ്യമാണ്. കൂടുതൽ ദിവസം കിടത്തി ചികിത്സ ആവശ്യമായവരെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കോ മഞ്ചേരി മെഡിക്കൽ കോളേജിലേക്കോ ആണ് പ്രധാനമായും അയയ്ക്കുന്നത്. ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഹായകരമാവുന്ന കൗൺസിലിംഗ് സൗകര്യം ഇവിടെയുണ്ട്. ചികിത്സ, കൗൺസിലിംഗ്, നിരന്തരമുള്ള ഫോളോഅപ്പ് നടത്തിയാണ് ഇവരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുന്നത്.
വിവിധ വർഷങ്ങളിൽ ചികിത്സ തേടിയെത്തിയവർ
വർഷം ഒ.പി ഐ.പി ആകെ
2025-- 1890----194---2,084
2024--1803---151---1,954
2023 --2870--291--3,161
കൂടുതൽ കിടക്കകൾ ഡി അഡിക്ഷന് എത്തുന്നവർക്കായി ഇവിടെ ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങളും വർദ്ധിക്കേണ്ടത് അനിവാര്യമാണ്. പുറത്തിറങ്ങി റിലാക്സ് ചെയ്യാനുള്ള സൗകര്യം കുറവാണ്. ഇതിനായി കാരം ബോർഡ് മാത്രമാണുള്ളത്.
വി.ഷിജേഷ്, വിമുക്തി മലപ്പുറം ജില്ലാ കോ-ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |