
പാലോട്: പാലോട് ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റിനായി താത്കാലിക കെട്ടിടം നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നിശ്ചലാവസ്ഥയിൽ.
വിവരാവകാശ രേഖകൾ പ്രകാരം അത്യാവശ്യം വേണ്ട ഭൗതിക സൗകര്യങ്ങളുള്ള അഗ്നിരക്ഷാ നിലയം നിർമ്മിക്കുന്നതിനായുള്ള പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ കൂടാതെ ട്രോപ്പോ ഗ്രാഫിക്കൽ സർവ്വേ റിപ്പോർട്ട് എന്നിവ ലഭ്യമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് അഗ്നിരക്ഷാസേവന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ധനകാര്യ കമ്മീഷന്റെ ഗ്രാന്റിലുൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ലെന്ന് വ്യക്തമായി. നിലവിലെ സാഹചര്യത്തിൽ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും തുക കണ്ടെത്താൻ ശ്രമിക്കണമെന്നും ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2015ജൂൺ 20നാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം അരഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടുനൽകിയെങ്കിലും താത്കാലിക ഷെഡുകൾ മാത്രമാണ് നിർമ്മിച്ചത്. 2015ൽ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇഴയുന്നത്.
ഡി.കെ.മുരളി എം.എൽ.എ മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്.നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിന്റെ ടേൺഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്.
ഒരു മാസത്തിന് മുൻപ് പടക്കനിർമ്മാണ ശാലയിൽ അപകടം ഉണ്ടായപ്പോഴും കഴിഞ്ഞ ദിവസം പാണ്ഡ്യൻപാറ വനമേഖലയിൽ തീപിടിച്ചപ്പോഴും വിതുരയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്താൻ കാത്തിരിക്കേണ്ടിവന്നു.
നിലവിൽ കെട്ടിടം കാടുകയറിയ നിലയിലാണ്. സർക്കാർ ആശുപത്രിയിലെത്തുന്ന വാഹനങ്ങളും തെരുവുനായ്ക്കളുമാണ് ഇവിടെയുള്ളത്.
പദ്ധതി ഇതുവരെ
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലോട് വില്ലേജിലെ 34.5സെന്റ് സ്ഥലമാണ് ഫയർഫോഴ്സ് സ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. എം.എൽ.എയുടെ 2020-21 മണ്ഡലം പ്രത്യേക വികസന നിധിയിൽ നിന്നും പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിരം നിർമ്മിച്ചത്. ഇവിടെ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റുകൾ,പാർക്കിംഗ് സ്ഥലം, ഗ്യാരേജ്,ഓഫീസ്, വിശ്രമമുറി, 2ടോയ്ലെറ്റുകൾ,കുടിവെള്ള സംവിധാനം എന്നിവ പൂർത്തിയായിട്ടുണ്ട്. ജീവനക്കാർക്കുള്ള സൗകര്യത്തിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യങ്ങളും അപര്യാപ്തമാണെന്നാണ് ഡിപ്പാർട്ട്മെന്റിന്റെ മറുപടി.
ഒരു കോടി അനുവദിച്ചെങ്കിലും
പാലോട് ഫയർസ്റ്റേഷൻ പൂർത്തീകരണത്തിനായി ഡി.കെ.മുരളി എം.എൽ.എയുടെ ഇടപെടലിൽ സംസ്ഥാന ബഡ്ജറ്റിൽ 2025 ഫെബ്രുവരി 9ന് ഒരു കോടി രൂപ കൂടി അനുവദിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |