കോഴിക്കോട്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമ്പോഴും 2025 ജനുവരി മുതൽ ഇന്നലെ വരെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ജില്ലയിൽ മരിച്ചത് 23 പേർ. ഇന്നലെ ഒരാൾ മരിച്ചു. പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചത്. ഒരാഴ്ച മുൻപ് കടുത്ത ഛർദ്ദിയെ തുടർന്നാണ് സച്ചിദാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായില്ല. നവംബറിൽ മാത്രം മൂന്ന് പേരാണ് ജില്ലയിൽ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 48 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 201 പേർ ചികിത്സ തേടി. അതേ സമയം 2024 ൽ ജില്ലയിൽ മൂന്ന് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. മരണനിരക്ക് ഉയരുമ്പോഴും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണറിലെ വെള്ളത്തിൽ വരെ അമീബയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യമാണുള്ളത്. രോഗം നേരത്തെ കണ്ടെത്താൻ സാധിക്കുന്നതു കൊണ്ട് കേരളത്തിൽ മരണനിരക്ക് ആഗോള ശരാശരിയേക്കാൾ കുറവാണെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്.
അമീബിക് മസ്തിഷ്‌കജ്വരം?
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. കുളിക്കുമ്പോഴും നീന്തുമ്പോഴുമെല്ലാം വെള്ളത്തിലൂടെ അമീബ മൂക്കിൽ പ്രവേശിക്കുന്നതാണ് അപകടകരം. ഇവയുടെ സാന്നിദ്ധ്യം കിണറ്റിലും ഉണ്ടാകാനിടയുണ്ട്. വെള്ളത്തിലെ അമീബയെ നശിപ്പിക്കാന്‍ ക്ലോറിനേഷന്‍ ഫലപ്രദമാണ്. അതിനാല്‍ കിണർ വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
പ്രതിരോധം ഊർജ്ജിതം
ആരോഗ്യവകുപ്പ് മാർഗരേഖ അടിസ്ഥാനമാക്കി ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. രോഗികളുടെ വീടുകളിലെ കിണറുകൾ, ജലസംഭരണികൾ, പൈപ്പ് വെള്ളം, ഇവർ ഉപയോഗിച്ചിരുന്ന കിണറുകൾ, നീന്തൽകുളങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പുറമെ, രോഗത്തിന് കാരണമാകുന്ന ‘അക്കാന്ത അമീബ’യുടെ സാന്നിദ്ധ്യം അന്തരീക്ഷത്തിലും കണ്ടെത്തിയിട്ടുണ്ട്. വിവിധ മെഡി.കോളേജുകൾ വിഷയത്തെക്കുറിച്ച് പഠനവും നടത്തുന്നുണ്ട്.
ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെയും സമഗ്രമായ പ്രവർത്തനങ്ങളിലൂടെ ജലാശയങ്ങളിലെ മാലിന്യ നിർമ്മാർജ്ജനത്തിനും അതിലൂടെ അമീബിക് മസ്തിഷ്കജ്വര രോഗബാധ കുറയ്ക്കുന്നതിനുമുള്ള നടപടികൾ നടന്നുവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |