
രോഗബാധിതരുടെ നിരക്ക് ആറുമുതൽ 12 ശതമാനം വരെ വർദ്ധിച്ചു
കാസർകോട്: ഇരുപത് വർഷം മുമ്പുവരെ മുഖ്യ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നായി പരിഗണിച്ച് കുഷ്ഠരോഗത്തിനെതിരെ പുലർത്തിയ അതിജാഗ്രത കൈവിട്ടതിന് കാസർകോട് ജില്ലയ്ക്ക് തിരിച്ചടി. രോഗബാധിതരുടെ നിരക്ക് ആ കാലത്ത് നിന്ന് ആറുമുതൽ 12 ശതമാനം വരെ വർദ്ധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. നിലവിൽ കുട്ടികളടക്കം 32 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ചെങ്കള, മധൂർ ഗ്രാമപഞ്ചായത്ത് പരിധികളിലാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. മധുർ പഞ്ചായത്തിലെ കുഡ്‌ലു രാംദാസ് നഗർ ഭാഗത്തും കുമ്പള നായിക്കാപ്പിലും രോഗികളുണ്ട്. കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിലും ചികിത്സയിൽ കഴിയുന്നവരുണ്ട്. ജില്ലയിൽ ചികിത്സയിൽ കഴിയുന്ന 32 രോഗികളിൽ മൂന്നുപേർ കുട്ടികളാണ്.
2005ൽ കുഷ്ഠരോഗത്തിനെതിരെ ശക്തമായ ഇടപെടലാണ് ജില്ലയിൽ നടന്നത്. കുമ്പളയിൽ ആരോഗ്യവകുപ്പ് ലെപ്രസി യൂണിറ്റും തുടങ്ങിയിരുന്നു. തുടർച്ചയായ ഇടപെടലുകളുടെയും ബോധവൽക്കരണത്തിന്റെയും ഫലമായി പിന്നാലെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. രോഗികളുടെ എണ്ണം കുറഞ്ഞതോടെ കുമ്പളയിലെ ലെപ്രസി യൂണിറ്റ് ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.പിന്നീടുള്ള ചികിത്സയും പരിശോധനയും പി.എച്ച്.സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും വഴിയുമാണ് നടത്തി വന്നിരുന്നത്.
അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പകരുന്നു
അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നടക്കം കുഷ്ഠരോഗം പടരുന്നതായാണ് നിലവിൽ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. സോഷ്യൽ കോൺടാക്ട് വഴി വായുവിലൂടെയാണ് രോഗം പടരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലും മുഖത്തും ഉണ്ടാകുന്ന പാടുകളും തൊട്ടാൽ അറിയാത്തതുമാണ് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണം.
രോഗിനിർണയത്തിന് 947 അംഗ ടീം ഇറങ്ങുന്നു
ലെപ്രസി പ്രതിരോധ ചികിത്സയുടെ ഭാഗമായി രോഗനിർണ്ണയം നടത്തുന്നതിന് ജില്ലയിലെ 3,56,947 വീടുകളിൽ 947 അംഗ സംഘം സന്ദർശനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ആശാവർക്കർമാരും പ്രത്യേകം പരിശീലനം നൽകിയ വളണ്ടിയർമാരും അടങ്ങുന്ന സംഘമാണ് ഈ മാസം ഏഴു മുതൽ 20 വരെ ഭവന സന്ദർശനം നടത്തുന്നത്.
അശ്വമേധം 7.0 നാളെ മുതൽ
'പാടുകൾ നോക്കാം ആരോഗ്യം കാക്കാം' എന്ന പ്രോഗ്രാമിലൂടെയാണ് ജില്ലയിൽ കുഷ്ഠരോഗ നിർമ്മാർജ്ജന പ്രവർത്തനം തുടങ്ങുന്നത്. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7. 0 ക്യാമ്പയിന്റെ ഏഴാംഘട്ടം നാളെയാണ് ആരംഭിക്കുന്നത്. ഗൃഹ സന്ദർശനത്തിലൂടെ ആളുകളെ ചികിത്സ ലഭ്യമാക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
കേരളത്തിൽ കുഷ്ഠരോഗനിരക്ക് 10000:011
രണ്ടാഴ്ച നീളുന്ന ഭവന സന്ദർശനത്തിന് മറ്റു വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണം തേടും. ആശാപ്രവർത്തകയും പുരുഷ വളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിൽ എത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. ഇവരുടെ റിപ്പോർട്ടുകൾ പ്രകാരം വിദഗ്ധ ചികിത്സയും നൽകും. വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂർണമായും ചികിത്സിച്ച ഭേദമാക്കാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്-ഡോ. സന്തോഷ് കുമാർ ( കാസകോട് ജില്ലാ ലെപ്രസി ഓഫീസർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |