തൃശൂർ: പൂരനഗരിയിലെത്തുന്ന കൗമാര കലാമാമാങ്കത്തിന് ഉത്സവഛായ പകരാൻ ഒരുക്കങ്ങൾ സജീവം. മന്ത്രിമാരായ വി.കെ.ശിവൻകുട്ടി, സംഘാടക സമിതി ചെയർമാൻ മന്ത്രി കെ.രാജൻ, മന്ത്രി ഡോ.ബിന്ദു എന്നിവരാണ് നേതൃത്വം നൽകുന്നത്. 25 വേദികൾക്കും പൂക്കളുടെ പേരാണ്. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാർത്ഥികളുടെതാണ് തീം സോംഗ്. സ്വാഗത ഗാനത്തിന്റെ രചന ബി.കെ.ഹരിനാരായണനാണ്. കലാമണ്ഡലമാണ് അവതരിപ്പിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കും. താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള സ്‌കൂളുകളിലെ പി.ടി.എ, വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം. ഇന്നലെ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രധാന അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, സ്‌കൂൾ മാനേജ്‌മെന്റ്/പി.ടി.എ പ്രതിനിധികൾ, 19 സബ് കമ്മിറ്റി കൺവീനർമാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഉടമകൾ, വിദ്യാർത്ഥി യുവ ജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ( ജനറൽ )ആർ.എസ്. ഷിബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സ്വർണക്കപ്പ് ഘോഷയാത്ര
സ്വർണക്കപ്പ് ഘോഷയാത്ര 13ന് വൈകുന്നേരം 3.30ന്. ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകും. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങി 1000ത്തോളം സന്നദ്ധ സേനാംഗങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. എല്ലാ അസംബ്‌ളി നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും.
ഇലഞ്ഞിത്തറ മേളവും കുടമാറ്റവും
രാവിലെ 9 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുതോടെ കലോത്സവത്തിന് തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ ഇലഞ്ഞിത്തറ മേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും നടക്കും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
തീരുമാനങ്ങൾ
കലോത്സവത്തിന്റെ വരവറിയിച്ച് എല്ലാ സ്‌കൂളുകളിലും ബോർഡുകൾ സ്ഥാപിക്കും.
മത്സരാർത്ഥികൾക്ക് 20 സ്‌കൂളുകളിൽ താമസ സൗകര്യം
9 ന് ലഹരിമരുന്ന് ഉപയോഗത്തിനെതിരെ 'ലഹരി വിരുദ്ധ, പ്രതിരോധ ചങ്ങല' തീർക്കും
40 ഷീ ഓട്ടോകൾ സജ്ജമാക്കും
റെയിൽവേയിലും കെ.എസ്.ആർ.ടി.സിയിലും ഹെൽപ്പ് ഡെസ്‌ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |