
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിൽ കത്തിയമർന്ന 275 ബൈക്കുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് റെയിൽവേ അധികൃതർ. പാർക്കിംഗ് കരാർ നൽകുമ്പോൾ ഇവിടെ നിറുത്തിയിടുന്ന ബൈക്കുകളുടെ സുരക്ഷ കൂടി ഉറപ്പാക്കണമെന്ന് കരാറുകാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
പടിഞ്ഞാറ് ഭാഗത്തെ റെയിൽവേയുടെ അംഗീകൃത പാർക്കിംഗ് സ്ഥലത്ത് 480 - 500 ഇരുചക്ര വാഹനങ്ങൾ നിറുത്തിയിടാനുള്ള സൗകര്യമാണുള്ളത്. കത്തിയമർന്ന ബൈക്കുകളുടെ വിവര ശേഖരണത്തിനും മറ്റുമായി പ്രത്യേക സംവിധാനം റെയിൽവേയും വെസ്റ്റ് പൊലീസും ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനം നിറുത്തിയിട്ടതിന്റെ പാസും രേഖകളുമായി വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഉടമകൾ എത്തേണ്ടത്. ഫുൾ കവർ ഇൻഷ്വറൻസ് ഉള്ള വാഹനങ്ങൾക്ക് കാര്യങ്ങൾ കഠിനമല്ലെങ്കിലും മൂന്നാം പാർട്ടി ഇൻഷ്വറൻസ് എടുത്തവർക്ക് കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ആശങ്കയുണ്ടായിരുന്നു. റെയിൽവേ ഉത്തരവാദിത്വം ഏറ്റെടുത്തത് ഉടമകൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
കത്തിയമർന്നത് 275 ബൈക്കുകൾ
ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 275 ബൈക്കുകളാണ് കത്തിയമർന്നതെന്ന് തൃശൂർ വെസ്റ്റ് പൊലീസ്. ഡെയ്‌ലി പാസ് എടുത്തതും മാസത്തിൽ പാസ് എടുത്ത് നിറുത്തിയിട്ടതുമായ 275 വാഹനങ്ങളുടെ ഉടമകൾ ഇതിനകം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരിശോധിച്ച വാഹനങ്ങളുടെ എൻജിൻ നമ്പറും ചേസിസ് നമ്പറും നഷ്ടപ്പെട്ടിട്ടില്ല. വൻ അഗ്‌നിയിൽ വാഹനങ്ങളുടെ എൻജിൻ, ചേസിസ് നമ്പറുകൾ ഉരുകിപ്പോകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഭയം വേണ്ടെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്.
പരിചയക്കുറവും വിനയായി
തീ ആദ്യം കണ്ട പാർക്കിംഗ് സ്ഥലത്തെ ജീവനക്കാരിയുടെ പരിചയക്കുറവും വിനയായെന്ന് വിലയിരുത്തൽ. ബൈക്കിൽ തീപടരുന്നത് കണ്ട ജീവനക്കാരി വെള്ളം കൊണ്ട് തീ അണയ്ക്കാനാണ് ശ്രമം നടത്തിയത്. ഇവിടെ ഫയർ എക്സ്റ്റിഗ്യുഷർ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. ബൈക്ക് എടുക്കാനെത്തിയ യാത്രക്കാരനെ തീ അണയ്ക്കാൻ വിളിച്ചെങ്കിലും ഒരു കുപ്പി വെള്ളം മാത്രമാണ് നൽകിയതത്രെ. ഇതേസമയം ഫയർ എക്സ്റ്റിഗ്യുഷർ നൽകിയിരുന്നെങ്കിൽ ഇത്രയേറെ നഷ്ടം ഉണ്ടാകുമായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
തീപ്പിടിത്തത്തിന് കാരണം റെയിൽവേയുടെ അനാസ്ഥ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെ കുറിച്ച് ആറു മാസം മുൻപ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും റെയിൽവേ മറുപടി നൽകിയില്ലെന്ന് പരാതി. റെയിൽവേയുടെയും പാർക്കിംഗ് കരാറുകാരന്റെയും അനാസ്ഥയാണ് തീപ്പിടത്തത്തിന് കാരണമെന്ന് ടു വീലർ യൂസേഴ്സ് അസോസിയേഷൻ ആരോപിച്ചു. റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്നും പാലിക്കേണ്ട അകലം ഷെഡിന് ഉണ്ടായിരുന്നില്ല.
ബൈക്കുകൾ കത്തി നശിച്ചവർക്ക് മതിയായ നഷ്ടപരിഹാരം ഉടനെ നൽകാനും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാനും റെയിൽവേ തയ്യാറാകണമെന്നും ടു വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ പറഞ്ഞു.
വാഹന ഉടമകൾക്ക് സൗജന്യ ഇൻഷ്വറൻസ് ക്ലെയിം സഹായം
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെ തീപിടിത്തത്തിൽ വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഹാവു കോർപറേഷൻ വാഹന ഉടമകൾക്ക് സൗജന്യ ഇൻഷ്വറൻസ് ക്ലെയിം സഹായം പ്രഖ്യാപിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ക്ലെയിം ഇന്റിമേഷൻ, ക്ലെയിം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് വിദഗ്ദ്ധ സംഘത്തിന്റെ സാങ്കേതിക സഹായം ലഭ്യമാക്കും. ഏത് ഇൻഷ്വറൻസ് കമ്പനിയുടെ പോളിസിയുള്ളവർക്കും ഈ സേവനം ഉപയോഗിക്കാം. ഇൻഷ്വറൻസ് നടപടിക്രമങ്ങളിലെ സങ്കീർണതകൾ ഒഴിവാക്കി അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 98950 95100. വാർത്താസമ്മേളനത്തിൽ സജീവ് പി.വി.എസ്, എം. ജിതേഷ്, എൻ.ബി. ശരത്, ജി. വിനീഷ് കുമാർ, മനോജ് കുമാർ അറയ്ക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |