
തൃശൂർ: ലേസർ ലൈറ്റുകൾ ഘടിപ്പിച്ചും ഫിറ്റ്‌നസ് ഇല്ലാതെയും സ്‌കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി. ഫിറ്റ്‌നസ് ഇല്ലാത്തതിനും അഞ്ച് ലേസർ ലൈറ്റിന് 25000 രൂപയും ഉൾപ്പെടെ 32500 രൂപയാണ് ഈടാക്കിയത്. എടപ്പാളിൽ നിന്നും സ്‌കൂൾ കുട്ടികളെ കയറ്റി അതിരപ്പിള്ളിയിലേക്ക് ടൂർ പോയ കോൺട്രാക്ട് ക്യാരേജ് വാഹനമാണ് തൃശൂർ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ പി.വി. ബിജു പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതിന് തൃശൂർ ബിഷപ്പ് പാലസിന് മുൻവശത്തായിരുന്നു പരിശോധന. വാഹനത്തിൽ അമിത വെളിച്ചമുള്ള ലൈറ്റും വാഹനത്തിനകത്ത് ലേസർ ലൈറ്റുകളും വലിയ ശബ്ദമുള്ള മ്യൂസിക് സിസ്റ്റവും ഉണ്ടായിരുന്നു. സ്‌കൂൾ കുട്ടികളെ ടൂർ കൊണ്ടുപോകുമ്പോൾ ബന്ധപ്പെട്ട ആർ.ടി.ഒയിൽ നിന്നും ലഭ്യമാക്കേണ്ട സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നില്ല. മറ്റൊരു വാഹനം എത്തിച്ച് കുട്ടികളെ സുരക്ഷിതമായി അയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |