
പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന് ഇനി പുതിയ മുഖം. 1.35 കോടി രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിൽ പൂർത്തിയാകുന്നത്. ജില്ലയിൽ ലിഫ്റ്റില്ലാത്ത ചുരുക്കം ചില സർക്കാർ സ്ഥാപനങ്ങളിലൊന്നാണ് ജില്ലാ പഞ്ചായത്ത്. നിരവധിയാളുകൾ വന്ന് പോകുന്ന ജില്ലാ പഞ്ചായത്ത് കെട്ടിടം മൂന്ന് നിലകളിലായാണ് . ഇവിടെ പ്രായമായവരും ഭിന്നശേഷിക്കാരുമായ പലരും ബുദ്ധിമുട്ടിപടികയറിയാണ് മുകളിലെത്തുന്നത്. ജില്ലാ പഞ്ചായത്ത് ഓഫീസും എൻജിനീയർമാരുടെ ഓഫീസുമാണ് ഇവിടെയുള്ളത്. ഓഡിറ്റിംഗിനെത്തുന്നവർക്കോ ഡിവിഷനിലെത്തുന്നവർക്കോ ഇരിക്കാനുള്ള സൗകര്യം പരിമിതമായിരുന്ന കെട്ടിടമാണിത്. നിലവിൽ ലിഫ്റ്റ് നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമൊപ്പം നവീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ജൂലായിലാണ് പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നത്. പതിനഞ്ച് മാസമാണ് നിർമ്മാണ കാലാവധി. മാർച്ചിൽ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് അധികൃതർ ശ്രമിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ ലിഫ്റ്റും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനിടെ പണി സാധന സാമഗ്രികൾ ഇറക്കാനും വയ്ക്കാനും നേരിട്ട സ്ഥല പരിമിതി നിർമ്മാണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. നിലവിലുള്ള സാധന സാമഗ്രികൾ ഉപയോഗിച്ചതിന് ശേഷം മാത്രമേ അടുത്ത നിർമ്മാണത്തിനായുള്ള സിമന്റും കട്ടകളുമെല്ലാം എത്തിക്കാൻ സാധിക്കു. തൊട്ടുമുമ്പിൽ കളക്ടറേറ്റ് ആയതിനാൽ അവിടെ നിർമ്മാണ സാമഗ്രികൾ ഇറക്കാൻ ബുദ്ധിമുട്ടേറെയാണ്. നിർമ്മാണത്തിനുള്ള ഏക തടസം ഈ സ്ഥലപരിമിതിയാണ്.
ലിഫ്റ്റ് നിർമ്മാണം : 35 ലക്ഷം രൂപ ചെലവിൽ
അനുബന്ധ പ്രവർത്തനങ്ങൾ : 1 കോടി രൂപ
ലിഫ്റ്റ് നിർമ്മാണത്തിനുള്ള ടെൻഡർ ഉടൻ വിളിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |