
ശബരിമല : സന്നിധാനത്തെ തിരക്ക് ഒഴിവാക്കാൻ മാസ്റ്റർപ്ളാനിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ശബരിമല മേൽപ്പാലം ഇത്തവണയും നടപ്പായില്ല. മകരവിളക്ക് അടുത്തതോടെ വൻ തിരക്കാണ് ശബരിമലയിൽ . ചില സമയങ്ങളിൽ സന്നിധാനത്ത് സൂചികുത്താൻ പോലും ഇടമുണ്ടാകാറില്ല. ദർശന ശേഷം സന്നിധാനത്തുള്ളവരെ യഥാസമയം വഴി തിരിച്ചുവിടാൻ കഴിയാത്തത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കുറയുന്നതിന് അനുസരിച്ചാണ് തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്. ഇത് വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് വർദ്ധിപ്പിക്കുന്നതിനൊപ്പം മണിക്കൂറുകൾ നീണ്ട ക്യൂവിനും ഇടയാക്കുന്നുണ്ട്. ചില സമയങ്ങളിൽ യു ടേണും ശരംകുത്തിയും പിന്നിട്ട് ദർശനത്തിന് കാത്തുനിൽക്കുന്നവരുടെ നിര മരക്കൂട്ടം വരെ എത്താറുണ്ട്. ഈ സമയങ്ങളിൽ പമ്പയിലും നിലയ്ക്കലിലും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. മകര വിളക്ക് മഹോത്സവത്തിന് നട തുറന്ന ശേഷം ആറ് ലക്ഷത്തോളം ഭക്തരാണ് ദർശനം നടത്തിയത്.
ഇതിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെല്ലിനെ നിർമ്മാണ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മുൻകൂറായി പണം ആവശ്യപ്പെട്ടതോടെ ഇത് മുടങ്ങി. പകരം കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനെ ഏൽപ്പിച്ചെങ്കിലും തുടർ നടപടികൾ എങ്ങുംമെത്തിയിട്ടില്ല. നിലവിൽ ദർശനത്തിന് എത്തുന്നവരും മടങ്ങുന്നവരും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള വലിയ നടപ്പന്തലിലൂടെയാണ് പോകുന്നത്. ഇത് വലിയ തിരക്കിന് ഇടയാക്കുന്നുണ്ട്. പാലം യാഥാർത്ഥ്യമായാൽ സന്നിധാനത്തെ തിരക്ക് വലിയ രീതിയിൽ കുറയ്ക്കാൻ കഴിയും.
പാലം മലയിടുക്കുകളെ ബന്ധിപ്പിച്ച്
ശബരിമല മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയാണ് മേൽപ്പാലം നിർമ്മിക്കാൻ പദ്ധതിയിട്ടത്. രണ്ട് മലയിടുക്കുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം. മാളികപ്പുറത്തെയും ചന്ദ്രാനന്ദൻ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്. പൊലീസ് ബാരക്കിന് സമീപത്ത് നിന്ന് തുടങ്ങി നേരെ ചന്ദ്രാനന്ദൻ റോഡിൽ അവസാനിക്കുന്ന പാലത്തിൽ സുരക്ഷാ ഇടനാഴിയും വിഭാവനം ചെയ്തിരുന്നു. 48 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ ആദ്യഘട്ടമെന്ന നിലയിൽ പത്ത് കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പാലം വരുന്നതോടെ സന്നിധാനത്തെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 2005 ൽ കരസേന നിർമ്മിപ്പിച്ച ബെയ്ലി പാലം പൊളിച്ചുമാറ്റാനും തീരുമാനിച്ചിരുന്നു. ഉയർന്ന പടിക്കെട്ടുകളും കുത്തുകയറ്റവും കാരണം ബെയ്ലി പാലം ഇപ്പോൾ ഉപയോഗിക്കുന്നില്ല.
375 മീറ്റർ നീളം
6.4 മീറ്റർ വീതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |