കുഷ്ഠരോഗ നിർണയത്തിനായി ഭവനസന്ദർശനം
കഴിഞ്ഞ വർഷം 17 രോഗികൾ
തൊടുപുഴ: കുഷ്ഠരോഗത്തെ തുടച്ചു നീക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠ രോഗനിർണയ ഭവന സന്ദർശന യജ്ഞമായ ''അശ്വമേധ'' ത്തിന് നാളെ ജില്ലയിൽ തുടക്കമാകും. പദ്ധതിയുടെ ഏഴാം ഘട്ടം 20വരെയാണ് നടത്തുന്നത്. രോഗം തിരിച്ചറിയാത്തതു മൂലം ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നൽകുകയാണ് ലക്ഷ്യം. ആശാപ്രവർത്തകർ, പരിശീലനം ലഭിച്ച വോളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് പരിശോധന നടത്തും. ഒരു ആശാപ്രവർത്തകയും ഒരു വോളണ്ടിയറും ചേർന്നാണ് വീടുകൾ സന്ദർശിക്കുക. 500ലധികം വോളണ്ടിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരാണ് നേതൃത്വം നൽകുക.
രോഗം 17 പേർക്ക്
കഴിഞ്ഞ വർഷം ജില്ലയിൽ 17 പേരിൽ രോഗം കണ്ടെത്തി. ഇതിൽ പകുതിയും അന്യസംസ്ഥാന തൊഴിലാളികളാണ്. തൊലിപ്പുറത്ത് കാണുന്ന നിറംമങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയതും തിളക്കമുള്ളതുമായ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിൽ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശരീരത്തിലെ സെൻസേഷൻ കുറഞ്ഞാൽ മുറിവുകളോ മറ്റോ ഉണ്ടായാൽ പോലും രോഗി അറിയില്ല. കൈവിരലുകൾ വരെ വേർപെട്ടു പോകും. വന്ന വൈകല്യങ്ങൾ ഒരിക്കലും മാറില്ലെന്നതും പ്രത്യേകതയാണ്. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ പൂർണമായും മാറ്റാം. മറ്റുള്ളവരിലേക്ക് പകരുന്നതും തടയാനാകും. ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള ചികിത്സയിലൂടെ സുഖം പ്രാപിക്കും.
പകരുന്നതെങ്ങനെ?
ടി.ബിയുടെ ഗ്രൂപ്പിൽപ്പെടുന്ന മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണുവാണ് പകർച്ചയ്ക്ക് കാരണം. വായുവിലൂടെ പകരും. രോഗി തുമ്മുകയോ ചുമയ്ക്കുയോ ചെയ്യുമ്പോൾ രോഗാണുക്കൾ വ്യാപിക്കും. എന്നാൽ 85 മുതൽ 90 ശതമാനം വരെ ആളുകൾക്ക് കുഷ്ഠത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ളതിനാൽ രോഗം വരാൻ സാദ്ധ്യത കുറവാണ്. രോഗാണുക്കൾ ഉള്ളിൽ ഉണ്ടെങ്കിൽ പ്രതിരോധ ശേഷി കുറയുന്ന കാലങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. എന്നാൽ ലക്ഷണങ്ങൾ പ്രകടമാക്കാതെ അഞ്ച് വർഷം മുതൽ 20 വർഷം വരെ രോഗാണുക്കൾ മറഞ്ഞിരിക്കാമെന്നത് വെല്ലുവിളിയാണ്. രോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണമൂലം രോഗം ബാധിച്ചിട്ടും കൃത്യസമയത്ത് ചികിത്സ തേടാത്തത് വ്യാപനത്തിനു കാരണമാകും. രോഗ ബാധിതർ ഇടയ്ക്കു ചികിത്സ മുടക്കുന്നതും പ്രശ്നമാണ്.
'ലക്ഷണങ്ങൾ കണ്ടാൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മറ്റും മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തരുത്. ഡോക്ടറെ കണ്ട് തന്നെ മരുന്ന് വാങ്ങണം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്."
-ഡോ. ശരത് ജി. റാവു ( ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ & ലെപ്രസി ഓഫീസർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |