
കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പനങ്കുറ്റിമല സംസ്കരണ പ്ലാന്റിൽ പ്രവർത്തിച്ചിരുന്ന രണ്ട് പമ്പുകളിലൊന്ന് ഇന്നലെ വീണ്ടും തകരാറിലായി. താത്കാലിക സംവിധാനം ഏർപ്പെടുത്തി ഇന്ന് മുതൽ രണ്ട് പമ്പുകളും ഒരേ സമയം പ്രവർത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
രണ്ട് പമ്പുകൾ ഉപയോഗിച്ച് പ്രതിദിനം 63 എം.എൽ.ഡി ജലമാണ് പമ്പ് ചെയ്തിരുന്നത്. ഒരെണ്ണം തകരാറിലായതോടെ ഇന്നലെ 32 എം.എൽ.ഡി ജലം മാത്രമാണ് പമ്പ് ചെയ്തത്. അതുകൊണ്ട് തന്നെ പദ്ധതിയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന ഉയർന്ന പ്രദേശങ്ങളിലെങ്ങും ജലം ലഭിച്ചില്ല. ഇന്ന് രാവിലെ മുതൽ രണ്ട് പമ്പുകളും ഒരുമിച്ച് പ്രവർത്തിച്ചാലും നാളെ രാവിലെ മാത്രമേ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തൂ. ഇന്നലെ കേടായ പമ്പിന്റെ തകരാർ പരിഹരിക്കാൻ മൂന്ന് ദിവസമെടുക്കും. അതുകൊണ്ട് നേരത്തെ കേടായിരിക്കുന്ന പമ്പിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമമാണ് ഇന്നലെ നടന്നത്. ജില്ലയുടെ നാലിലൊന്ന് പ്രദേശത്ത് പനങ്കുറ്റിമല പ്ലാന്റിൽ നിന്നാണ് കുടിവെള്ളമെത്തുന്നത്.
വേഞ്ചേമ്പിൽ വെള്ളം പാഴാകുന്നു
പുനലൂർ പനങ്കുറ്റിമലയിലെ പ്ലാന്റിൽ നിന്ന് കൊല്ലത്തേക്കുള്ള പൈപ്പ് ലൈനിൽ വേഞ്ചേമ്പിലെ വാൽവിലെ ചോർച്ചയിലൂടെ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. വർഷങ്ങളായി ഈ അവസ്ഥ തുടർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. തോട്ടുചേർന്നുള്ള തോട്ടിലേക്കാണ് വാൽവിൽ നിന്ന് ചോരുന്ന ജലം ഒഴുകുന്നത്. വാൽവിന് ചുറ്റുമുള്ള കോൺക്രീറ്റ് ഡക്ടിനുള്ളിൽ നിറയുന്ന ജലം പ്രദേശവാസികൾ പശുവിനെ കുളിപ്പിക്കാനും വാഹനങ്ങൾ കഴുകാനും ഉപയോഗിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |