
കോട്ടയം : പകൽ സമയം കഠിന ചൂട്, രാത്രിയിൽ തണുപ്പ്...കാലാവസ്ഥ വ്യതിയാനത്തിൽ ജില്ലയിൽ പനിബാധിതരുടെ എണ്ണവും ഉയരുകയാണ്. എന്നാൽ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നവർ കുറവാണ്. പലരും സ്വയംചികിത്സയ്‌ക്ക് മുതിരുന്നത് രോഗം ഗുരുതരമാകാൻ ഇടയാക്കും. കുട്ടികളിലാണ് കൂടുതലും പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻകരുതൽ എടുക്കാത്തതും രോഗപ്പകർച്ച കൂടാൻ ഇടയാക്കും. ചിലയിടങ്ങളിൽ ഇൻഫ്ലുവൻസ വിഭാഗത്തിൽപ്പെട്ട വൈറൽ പനിയും കണ്ടുവരുന്നുണ്ട്. ഗർഭിണികൾ, കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗമുള്ളവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. പകർച്ചപ്പനി ബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കണം, കൈകൾ സോപ്പിട്ട് കഴുകണം, മാസ്‌ക് ഉപയോഗിക്കണം. ചൂട് കൂടുന്നതിനാൽ നിർജലീകരണം, മൂത്രാണുബാധ, ചിക്കൻപോക്‌സ് തുടങ്ങിയവയ്ക്കും സാദ്ധ്യതയുണ്ട്.
ലക്ഷണങ്ങൾ
ചൂടില്ലാത്ത പനി, ജലദോഷം, ചുമ, കഫക്കെട്ട്, ശരീര വേദന, തളർച്ച
തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക
ദിവസവും കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണം
തണുപ്പിച്ച വെള്ളവും ശീതളപാനീയങ്ങളും ഒഴിവാക്കുക.
നാടൻ പപ്പായ, കൈതച്ചക്ക, കരിക്ക് എന്നിവ കഴിക്കുക
ശുദ്ധജലം ഉപയോഗിച്ച് ദിവസം മൂന്ന് തവണ കണ്ണ് കഴുകണം
പനി ബാധിതർ
2025 ഡിസംബർ : 8989
2026 ജനുവരി : 340
''പനിയെ നിസ്സാരമായി കാണാതെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. കൃത്യമായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ എടുക്കണം.
(ആരോഗ്യവകുപ്പ് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |