
കിളിമാനൂർ: വെണ്ണിച്ചിറക്കുളത്തിന്റെ നവീകരണം കടലാസിൽ തന്നെയെന്ന ആക്ഷേപം ശക്തം.രണ്ട് വർഷം മുൻപ് പണികൾ ആരംഭിച്ചെങ്കിലും പ്രാരംഭനടപടികൾ പോലും പൂർത്തിയായിട്ടില്ല. കിളിമാനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണ് പോങ്ങനാടിന് സമീപം വെണ്ണിച്ചിറയിലുള്ളത്.
വെണ്ണിച്ചിറക്കുളം രാജഭരണകാലത്താണ് നിർമ്മിച്ചത്. മുൻപ് പ്രദേശമാകെ വെള്ളം എത്തിച്ചിരുന്നത് ഇവിടെ നിന്നാണ്.കർഷകർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും വെള്ളം കുടിക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിരുന്നു.
പിന്നീട് കാലാകാലങ്ങളിൽ പഞ്ചായത്തധികൃതരും മറ്റും ചേർന്ന് കുളം നവീകരിക്കുമായിരുന്നു.ഇതിനിടയിൽ ഇവിടെ മത്സ്യക്കൃഷിയും നടത്തിയിരുന്നു. പിന്നീട് ഇവിടെ കുട്ടികൾക്കും യുവജനങ്ങൾക്കും നീന്തൽ പരിശീലനത്തിനായി പഞ്ചായത്തിന്റെ സഹായത്തോടെ ഷാർക്ക് അക്വാട്ടിക് ക്ലബ് രൂപീകരിച്ചു.
കുട്ടികൾ ഉൾപ്പെടെ നൂറിലേറെ പേർ ഇവിടെ നീന്തൽ പരിശീലിച്ചിരുന്നു.പരിശീലനകേന്ദ്രം ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൽ നിന്ന് 1 കോടി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.ടെൻഡർ നടപടികൾ പൂർത്തിയായി പണികൾ ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലായിരുന്നു പണികൾ. എന്നാൽ ഇപ്പാേൾ പണി നിലച്ചിരിക്കുകയാണ്.
നടപ്പാക്കാൻ തയ്യാറാക്കിയ
ഒന്നാം ഘട്ട പദ്ധതികൾ
1. കുളത്തിന്റെ അറ്റത്തായി 25 മീറ്റർ നീളവും,18 മീറ്റർ വീതിയുമുള്ള സ്വിമ്മിംഗ് പൂൾ നിർമ്മാണം
2. കൃഷിയാവശ്യങ്ങൾക്ക് കുളത്തിലെ വെള്ളം ഉപയോഗിക്കാവുന്ന നിലയിൽ ജലനിരപ്പിൽ നിന്ന് ഒരടി ഉയരത്തിൽ കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിക്കുക.
3. സ്വിംമ്മിംഗ് പൂളിലേക്കാവശ്യമായ ജലം കിണർ നിർമ്മിച്ച് അതിൽ നിന്നും പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് പൂൾ നിറയ്ക്കുന്നത്.ഇതിനായി കിണർ,ശുദ്ധീകരണശാല,പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കുക.
4. പരിശീലനക്കാർക്ക് ആവശ്യമായ ഡ്രസിംഗ് റൂം,വെയിറ്റിംഗ് റൂം,ടോയ്‌ലെറ്റ് എന്നിവ നിർമ്മിക്കുക
5. പൂളിലേക്ക് 5 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |