
കോട്ടയം : തിരഞ്ഞെടുപ്പിന് ശേഷം പാൽ വില കൂട്ടുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. ഇനി പ്രതീക്ഷ 18 മുതൽ 20 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീരസംഗമമമാണ്. പുതുവർഷത്തിൽ ഏറെ നാളായുള്ള ആവശ്യം സഫലമാകുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു വിലവർദ്ധന. ഇതിനോടകം നിരവധിപ്പേരാണ് പശുവളർത്തൽ ഉപേക്ഷിച്ചത്. മന്ത്രിയുടെ സ്വന്തം നാട്ടിൽ നടക്കുന്ന സംഗമത്തിൽ കർഷകർക്ക് അനുകൂല പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പാലിന്റെ വില വർദ്ധിപ്പിക്കേണ്ടെന്നാണ് കഴിഞ്ഞ സെപ്തംബറിൽ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് കൈക്കൊണ്ടത്. മിൽമ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി പിൻവലിച്ചതോടെ, ഉപഭോക്താക്കളെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. 2022 ഡിസംബർ മാസത്തിലാണ് മിൽമ പാലിന് വില വർദ്ധിപ്പിച്ചത്. 6 രൂപയായിരുന്നു വർദ്ധന. നിലവിൽ 10 രൂപ കൂട്ടിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂവെന്ന് കർഷകർ പറയുന്നു. അനുവദനീയമായ നിലയിൽ കൊഴുപ്പില്ലെന്ന ന്യായം നിരത്തി കർഷകർ സംഘങ്ങളിലേക്ക് നൽകുന്ന പാലിന് വില കുറച്ചാണ് നൽകുന്നത്. എന്നാൽ ഇതേപാൽ ഉയർന്ന വിലയ്ക്ക് പുറത്ത് വില്പന നടത്തും.
കാലിത്തീറ്റ വില താങ്ങാനാകില്ല
കാലിത്തീറ്റ സബ്‌സിഡി കുറച്ചതും ക്ഷീരകർഷകരെ ബുദ്ധിമുട്ടിക്കുന്നു. 50 കിലോ വരുന്ന ഒരു കിലോ കാലിത്തീറ്റയുടെ വില 1500 ന് മുകളിലാണ്. മരുന്നും , കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല. കാലാവസ്ഥ വ്യതിയാനം മൂലം പശുക്കളെ രോഗങ്ങളും അലട്ടുകയാണ്. ഒന്നും രണ്ടും പശുക്കളെ വളർത്തി പാൽ വിൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. വരാൻ പോകുന്നത് വേനൽക്കാലമായതിനാൽ തീറ്റ, വെള്ള ക്ഷാമവും തിരിച്ചടിയാകും. നല്ല ഇനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്.
''നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് കർഷകർ പിടിച്ചുനിൽക്കുന്നത്. ഉത്പാദന ചെലവ് വർദ്ധിച്ചതോടെ ക്ഷീരമേഖലയെ പിടിച്ചുനിറുത്താൻ സർക്കാർ നടപടി ഉണ്ടാകണം.
(ജൂബിൻ, ക്ഷീര കർഷകൻ)
പ്രതിമാസം മരുന്നിന് മാത്രം 5000- 10000 രൂപ
നഷ്ടം സഹിച്ച് ഇനിയും എത്രനാൾ
മിൽമയിൽ പാൽ നൽകിയാൽ 45 - 49 രൂപയാണ് ലഭിക്കുക
മിൽമ ഇത് പായ്ക്കറ്റിലാക്കി വിൽക്കുന്നത് 56 രൂപയ്ക്ക്
സൊസൈറ്റികളിൽ വിൽക്കുന്നത് 60 രൂപയ്ക്ക്
പൊതുവിപണിയിൽ പാൽ വില 59- 60
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |