
കോന്നി : മുരിങ്ങമംഗലം - കോന്നി ഗവ. മെഡിക്കൽ കോളേജ് റോഡ് ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും . റോഡ് നിർമ്മാണ സ്ഥലത്ത് അഡ്വ. കെ .യു. ജനീഷ് കുമാർ എം .എൽ. എ സന്ദർശനം നടത്തി . പി .ഡബ്ല്യു. ഡി എക്സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ്, അസി. എക്സിക്യൂട്ടിവ്
ഇൻജിനിയർ മുരുകേശ്, കോന്നി എ. ഇ രൂപക് എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.
12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.800 കിലോമീറ്റർ ദൂരം ബി .എം ആൻഡ് ബി. സി നിലവാരത്തിൽ 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്നത്. കുപ്പക്കര മുതൽ വട്ടമൺ വരെയുള്ള 1.800 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും. 10 പൈപ്പ് കലുങ്കുകളും ഉണ്ടാകും. 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും നിർമ്മിക്കും.വട്ടമണ്ണിൽ തോടിന് കുറുകെ രണ്ട് കലുങ്കുകളും ഉണ്ട്. മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് 14 കോടി രൂപയുടെ കരാറാണ് നൽകിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയും ചെലവഴിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകളും നടന്നു.റോഡിന്റെ വശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള ജോലികൾ പൂർത്തിയായിട്ടുണ്ട്. കുമ്മണ്ണൂർ - മെഡിക്കൽ കോളേജ് റോഡും ടാർ ചെയ്തിട്ടുണ്ട്. മുരിങ്ങമംഗലം മെഡിക്കൽ കോളേജ് റോഡ് ടാറിംഗ് പൂർത്തിയാകുന്നതോടെ കോന്നി, തണ്ണിത്തോട് ഭാഗങ്ങളിൽ നിന്ന് അടക്കം വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചേരുവാൻ സാധിക്കും. ഇത് പ്രദേശത്തിന്റെ വികസനത്തിനും വഴിതുറക്കും.
റോഡ് പൂർത്തിയായതോടെ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങും.
അഡ്വ. കെ .യു. ജനീഷ് കുമാർ എം .എൽ. എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |