
കോഴഞ്ചേരി: പമ്പാനദിക്ക് അകാല മൃത്യുവൊരുകുകയാണ് മൺപുറ്റുകൾ. 1980- 2000 കാലഘട്ടത്തിലെ അനിയന്ത്രിത മണൽവാരൽ നിമിത്തം പമ്പാനദിയുടെ അടിത്തട്ട് തെളിഞ്ഞുതുടങ്ങിയതോടെയാണ് നദിയിൽ മൺപുറ്റുകൾ രൂപപ്പെട്ടത്. മണൽ ശേഖരം ഇല്ലാതായതോടെ നദിയുടെ ജല സംഭരണശേഷി കുറഞ്ഞു. വേനൽക്കാലത്ത് നദി മെലിഞ്ഞുണങ്ങി. കേരളത്തിലെ മൂന്നാമത്തെ വലിയ നദിയായ പമ്പ ജലസമൃദ്ധിയിലും മുന്നിട്ടുനിന്ന നദിയാണ്. തുടരെയുണ്ടായ അനിയന്ത്രിതമായ മണൽ വാരൽ, നദിയുടെ അടിത്തട്ട് മീറ്ററുകളോളം താഴുന്നതിന് കാരണമായി. ഇതോടൊപ്പം രൂപപ്പെട്ട മൺപുറ്റുകൾ നദിയെ തോടാക്കി മാറ്റി. വാഴക്കുന്നം നീർപ്പാലം ഭാഗത്ത് 350 മീറ്ററോളം വീതിയിൽ ഒഴുകിയിരുന്ന പമ്പാനദി ഇപ്പോൾ 50 മീറ്ററിൽ താഴെയായി ചുരുങ്ങി. 4 മീറ്ററോളം ഉയരത്തിൽ മൺതിട്ട രൂപപ്പെട്ട് ഇവിടെ നദീമദ്ധ്യത്തിൽ മരങ്ങൾ വളർന്നു . നദിയുടെ വടക്കുഭാഗത്തായി രണ്ടുകിലോമീറ്ററോളം ദൂരത്തിൽ മൺതിട്ട രൂപപ്പെടാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടോളമായി. 2018 ൽ പ്രളയകാലത്ത് വലിയതോതിൽ ചെളി അടിഞ്ഞുകൂടി നദിയിൽ പലയിടത്തും മൺപുറ്റുകൾ രൂപപ്പെട്ടത് നദിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. പല കടവുകളും ഉപയോഗശൂന്യമാണിന്ന്. നദിയോട് ചേർന്ന് കുടിവെള്ള പദ്ധതികളുടെ ജലസ്രോതസായി പ്രവർത്തിക്കുന്ന കിണറുകളിൽ വെള്ളം ലഭിക്കാത്ത അവസ്ഥയാണ് .
ആറന്മുള ഉതൃട്ടാതി ജലമേളയുടെ ജലോത്സവ ട്രാക്കിൽ രൂപംകൊള്ളുന്ന പുറ്റുകൾ ഓരോ വർഷവും നീക്കം ചെയ്യേണ്ട അവസ്ഥയാണ്.
ജലമേളയുടെ സ്റ്റാർട്ടിംഗ് പോയിന്റായ പരപ്പുഴ കടവിലും ട്രാക്കിലും മൺപുറ്റുകൾ നിറയാൻ ഈ അശാസ്ത്രീയ നിർമ്മിതി കാരണമായിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു .
1. രണ്ടുവർഷം മുമ്പ് ആറന്മുള മുതൽ റാന്നി വരെ നദിയിൽ പ്രളയത്തെ തുടർന്ന് ചെളി അടിഞ്ഞുകൂടി രൂപപ്പെട്ട മൺപുറ്റുകൾ നീക്കം ചെയ്യാൻ ജലസേചന വകുപ്പ് പദ്ധതി നടപ്പാക്കിയിരുന്നു. പക്ഷേ ഇത് വിജയിച്ചില്ല
2. നദിയിൽ നിന്ന് നീക്കം ചെയ്ത ചെളിമണ്ണ് നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്താനാവാത്തതിനാൽ തീരത്തുതന്നെ മണ്ണ് കൂട്ടിയിട്ടു. പിന്നീട് മഴ പെയ്തപ്പോൾ ഇൗ മണ്ണ് വീണ്ടും നദിയിലേക്ക് തന്നെ ഒഴുകിയെത്തി വീണ്ടും മൺപുറ്റുകളായി.
3. നദികളിൽ അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള കൽക്കെട്ടുകളും പുലിമുട്ടുകളും മൺപുറ്റുകൾ രൂപപ്പെടാൻ വഴിയൊരുക്കുന്നു. മാരാമൺ കൺവെൻഷൻ നഗറിലെ മണൽപ്പരപ്പ് സംരക്ഷിക്കാനായി നിർമ്മിച്ച കൽക്കെട്ടൂം മൺപുറ്റുകൾ രൂപപ്പെടുത്തി
-----------------------
നീക്കം ചെയ്യാൻ ആലോചന മഴക്കാലത്ത് !
മൺപുറ്റുകൾ നിക്കം ചെയ്യാനും പഠനം നടത്താനും ജലസേചന വകുപ്പ് മഴക്കാലത്ത് മാത്രമാണ് സമയം കണ്ടെത്തുന്നത്. വേനൽക്കാലത്ത് ഇൗ പ്രവർത്തനം നടത്തിയാലേ പ്രയോജനമുള്ളു. രണ്ട് കിലോമീറ്റർ ഇടവിട്ട് മണൽ ചാക്കുകൾ അട്ടിയിട്ട് ചെറിയ തടയണകൾ നിർമ്മിക്കുന്നത് മണൽതട്ട് ഉയരുന്നതിനും ജലസംഭരണശേഷി വർദ്ധിക്കുന്നതിനും സഹായിക്കും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |