കൊല്ലം: പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഫൈനലും 10ന് അഷ്ടമുടി കായലിൽ നടക്കും. ഒൻപത് ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. തേവള്ളി കൊട്ടാരത്തിന് സമീപത്തെ സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ബോട്ടുജെട്ടി വരെയാണ് ട്രാക്ക്.
1100 മീറ്ററാണ് ട്രാക്കിന്റെ നീളം. പത്ത് മീറ്റർ വീതിയിൽ നാല് ട്രാക്കുകളിലായാണ് മത്സരങ്ങൾ. ആറ് ജില്ലകളിലായി നടന്ന 11 മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവരാണ് ചാമ്പ്യന്മാരാകുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ വെപ്പ്, ഇരുട്ടുകുത്തി 2 ഗ്രേഡുകൾ, തെക്കനോടി വിഭാഗങ്ങളും മത്സരിക്കും. ഫലപ്രഖ്യാപനത്തിന് ആധുനിക സാങ്കേതിക വിദ്യകളാണ് സജ്ജമാക്കുക.
സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ 5.95 കോടി രൂപുടെ സമ്മാനങ്ങളാണ് നൽകുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയികൾക്ക് 25 ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്ത് എത്തുന്ന വള്ളത്തിന് 10 ലക്ഷം രൂപയും സമ്മാനമായായി ലഭിക്കും. ഫൈനലിൽ ടീമുകൾ നേടുന്ന പോയിന്റുകളും മുമ്പത്തെ പോയിന്റ് നിലയും ചേർത്താണ് വിജയിയെ തീരുമാനിക്കുന്നത്. അഷ്ടമുടി ജലോത്സവത്തിൽ വിജയിക്കുന്നവർക്ക് പ്രസിഡന്റ് ട്രോഫിയും 5 ലക്ഷം രൂപയാണ് സമ്മാനം.
വിന്നറാകാൻ വീയപുരം
ഒന്നാം സ്ഥാനം ഏറക്കുറെ ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് പോയിന്റ് നിലയിൽ ഏറെ മുന്നിലുള്ള കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ. 11 മത്സരങ്ങളിലായി 99 പോയിന്റാണ് നേടിയത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടൻ ചുണ്ടൻ 82 പോയിന്റും മൂന്നാം സ്ഥാനത്തുള്ള നിരണം 79 പോയിന്റും കരസ്ഥമാക്കി. 77 പോയിന്റ് നേടി പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ നാലാം സ്ഥാനത്തുണ്ട്.
മാറ്റുരയ്ക്കാൻ കളക്ടറും മേയറും
പരിപാടിയുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന കലാ-കായിക പരിപാടികളുടെ ഭാഗമായി ജനപ്രതിനിധികളും കളക്ടറും മേയറും നയിക്കുന്ന ഫുട്ബാൾ ടീമുകൾ കന്റോൺമെന്റ് മൈതാനത്ത് മാറ്റുരയ്ക്കും. 8നും 9നും നടക്കുന്ന മത്സരത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, കളക്ടർ എൻ.ദേവിദാസ്, മേയർ എ.കെ.ഹഫീസ് എന്നിവർ നയിക്കുന്ന ടീമുകൾക്ക് പുറമേ കൊല്ലം പ്രസ് ക്ളബ്, ജില്ലാ സ്പോർട്സ് കൗൺസിൽ ടീമുകളും മത്സരിക്കും. 8ന് വൈകിട്ട് 6.30ന് വീ പാർക്കിൽ കബഡി മത്സരം സംഘടിപ്പിക്കും. കൂടാതെ 9ന് കൺന്റോൺമെന്റ് മൈതാനത്ത് വടംവലി മത്സരങ്ങളും നടക്കും.
പോയിന്റ് അടിസ്ഥാനത്തിൽ ടീമുകൾ
1. വീയപുരം ചുണ്ടൻ, വില്ലേജ് ബോട്ട് ക്ലബ് കൈനകരി
2. മേൽപ്പാടം, പള്ളാത്തുരുത്തി ബോട്ട് ക്ലബ്
3. നിരണം, നിരണം ബോട്ട് ക്ലബ്
4. നടുഭാഗം, പുന്നമട ബോട്ട് ക്ലബ്
5. നടുവിലേപ്പറമ്പൻ, ഇമ്മാനുവൽ ബോട്ട് ക്ലബ്
6. കാരിച്ചാൽ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്
7. ചെറുതന, തെക്കേക്കര ബോട്ട് ക്ലബ്
8. പായിപ്പാടൻ, കുമരകം ബോട്ട് ക്ലബ്
9. ചമ്പക്കുളം, ചങ്ങനാശേരി ബോട്ട് ക്ലബ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |